തിരുവനന്തപുരം: ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ചതായി യു.ഡി.എഫ് കണ്‍വീനര്‍ എം. എം ഹസന്‍ പറഞ്ഞു. ഐശ്വര്യ കേരള യാത്രയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ഇതോടെ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്ന കാര്യത്തില്‍ സാധ്യതയേറുന്നുണ്ട്. യു.ഡി.എഫില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലമുള്‍പ്പെടെയുള്ള മറ്റു ചില സീറ്റുകള്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കുന്നതിനായി പരിഗണനയിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരുന്നു.
വിവിധ മണ്ഡലങ്ങളില്‍ തന്റെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും ഉറപ്പ് കിട്ടിയിട്ടില്ലെന്നുമായിരുന്നു ധര്‍മ്മജന്‍ പ്രതികരിച്ചത്.
താന്‍ കോണ്‍ഗ്രസുകാരനാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. തന്റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാവും അത് തീര്‍ച്ചയാണെന്നും ധര്‍മജന്‍ പറഞ്ഞു.
നിലവില്‍ മുസ്‌ലിം ലീഗാണ് ബാലുശ്ശേരിയില്‍ മല്‍സരിക്കുന്നത്. ഇത് കോണ്‍ഗ്രസ് ഏറ്റെടുത്ത് ധര്‍മ്മജനെ മല്‍സരിപ്പിക്കാനാണ് ആലോചന. പതിറ്റാണ്ടുകളായി എല്‍.ഡി.എഫ് മണ്ഡലമാണ് ബാലുശ്ശേരി.
കഴിഞ്ഞ തവണ സി.പി.ഐ.എമ്മിലെ പുരുഷന്‍ കടലുണ്ടി 15,000 ത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
അതേസമയം ഇത്തവണ ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുരുഷന്‍ കടലുണ്ടിക്ക് പകരം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ സച്ചിന്‍ ദേവിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക