കോഴിക്കോട്: ബാലുശ്ശേരിയിലെ കോണ്‍ഗ്രസ്-സി.പി.ഐ.എം സംഘര്‍ഷത്തില്‍ പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന്‍ ബോള്‍ഗാട്ടി. തനിക്ക് പേടിയും സങ്കടവുമാണ് തോന്നുന്നതെന്നും തങ്ങളുടെ പ്രവര്‍ത്തകരൊക്കെ ക്രൂരമര്‍ദ്ദനത്തിനാണ് ഇരയായതെന്നും ധര്‍മ്മജന്‍ പറഞ്ഞു.
‘നമ്മുടെ പ്രവര്‍ത്തകരെ ഒക്കെ അവര്‍ തല്ലി. പലരും ആശുപത്രിയിലാണ്. പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചു. നല്ല സങ്കടം ഉണ്ട്. തെരഞ്ഞെടുപ്പ് അല്ലേ. ആശയപരമായിട്ടുള്ള വ്യത്യാസങ്ങളല്ലേ നമുക്ക് ഉള്ളൂ.
ഒരാളെ തല്ലാനും കൊല്ലാനും എങ്ങനെയാ. എനിക്ക് നല്ല പേടിയുണ്ട്. നാല്‍പത്തഞ്ച് വര്‍ഷമായില്ലേ അവര്‍ ഭരിക്കുന്നു. ഞാന്‍ വന്നപ്പോള്‍ ഒരു മാറ്റം വന്നാലോ എന്ന സങ്കടം ഉണ്ടാവും. അതാണ് അവര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ കാണിച്ചത്.’ ധര്‍മ്മജന്‍ പറഞ്ഞു.
ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷത്തിന് പിന്നാലെ ഇന്നലെ രാത്രി കോണ്‍ഗ്രസ് ഓഫീസ് തീയിട്ടിരുന്നു. ബാലുശ്ശേരി ഉണ്ണികുളത്താണ് കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം എന്നാണ് സൂചന. വ്യാഴാഴ്ച രാത്രി ബാലുശ്ശേരി കരുമലയില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സംഘര്‍ഷമുണ്ടായിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറുണ്ടായി. കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലത്തീഫിന്റെ കാര്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
അക്രമത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം. മണ്ഡലത്തില്‍ കൂടുതല്‍ പൊലീസ് ക്യാംപ് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക