| Saturday, 25th June 2022, 1:56 pm

ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും: ധര്‍മജന്‍ ബോള്‍ഗാട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട് എം.പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതികരണവുമായി നടനും കോണ്‍ഗ്രസ് നേതാവുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന് ധര്‍മജന്‍ ചോദിച്ചു.

ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം പ്രതികരണം നടത്തുമെന്നും നിര്‍ബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റിഫോര്‍ ന്യൂസ് ഡോട്ട് കോമിനോടായിരുന്നു ധര്‍മജന്റെ പ്രതികരണം.

‘രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവാണ്. ഭാവിയില്‍ പ്രധാനമന്ത്രി വരെയാകേണ്ട വ്യക്തിയാണ്. മുന്‍ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അങ്ങനൊരു നേതാവിന്റെ ഓഫിസ് തല്ലിപ്പൊളിക്കുക എന്നുവച്ചാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകും?’

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മണിക്കൂറുകളോളം ചോദ്യം ചെയ്യുകയാണ് രാഹുല്‍ ഗാന്ധിയെ. അദ്ദേഹത്തിന് എപ്പോള്‍ പ്രതികരിക്കണമെന്ന് തോന്നുന്നോ, അപ്പോള്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ അദ്ദേഹം പ്രതികരണം നടത്തും. നിര്‍ബന്ധിച്ചും ആക്രമിച്ചും പ്രതികരണം നടത്തിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

സ്‌കൂള്‍ കാലം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. കോളജ് കാലത്തും കെ.എസ്.യുവിന് വേണ്ടി മത്സരിച്ചിട്ടുണ്ട്, മണ്ഡലം പ്രസിഡന്റുമെല്ലാമായിരുന്നു. തെരഞ്ഞെടുപ്പില്‍ നിന്നതിന് ശേഷം സൈബര്‍ ആക്രമണം അതി രൂക്ഷമാണ്.

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രതികരണമൊന്നും നടത്താറില്ല. അതിഭയങ്കരമായ സൈബര്‍ ആക്രമണമാണ്. ഒരു ഫോട്ടോ പോലും ഇടാറില്ല’ ധര്‍മജന്‍ പറഞ്ഞു.

അതേസമയം അക്രമവുമായി ബന്ധപ്പെട്ട് ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlight: Dharmajan asks what will happen to the common man if the office of a leader who is to become the next Prime Minister is demolished

We use cookies to give you the best possible experience. Learn more