| Monday, 17th May 2021, 11:55 pm

പിണറായി വിജയന്‍ കര്‍ക്കശക്കാരനാണെങ്കിലും കാപട്യക്കാരനല്ല: ധര്‍മജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം വഹിക്കുന്ന സര്‍ക്കാരില്‍ വിശ്വാസമാണെന്ന് നടനും ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. റിപ്പോര്‍ട്ടര്‍ ടി. വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സഖാവ് പിണറായി വിജയന്‍ കര്‍ക്കശക്കാരനാണ് എന്നാല്‍ കാപട്യക്കാരനല്ലെന്നും അതുകൊണ്ട് തനിക്ക് വിശ്വാസമുണ്ടെന്നുമാണ് ധര്‍മ്മജന്‍ പറഞ്ഞത്.

അതേസമയം ബാലുശ്ശേരിയില്‍ ഇത്രവലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല എന്നും ധര്‍മ്മജന്‍ പറഞ്ഞു.

തോല്‍വിയും വിജയവുമൊക്കെ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും അധികം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല എങ്കിലും തോല്‍വി സമ്മതിക്കുകയാണെന്നും ധര്‍മജന്‍ പറഞ്ഞു.

ധര്‍മ്മജന്‍ സിനിമയില്‍ നിന്നാല്‍ മതി തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് നിന്റെ ആവശ്യം ഇല്ല എന്ന് വിചാരിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയത്തില്‍ വിജയിക്കാത്തത്. സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നല്ല പ്രകടനമായിരുന്നു. എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടുകൂടി അവിടുത്തെ ജനസമ്മതി വലിയ കാര്യം തന്നെയാണെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും താന്‍ ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങളെയൊന്നും പേടിക്കുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ സംഘടനാപരമായിട്ടുള്ള കുറേ പ്രശ്നങ്ങളുണ്ടായെന്നും അതെല്ലാം സംഘടനയെയും കെ.പി.സി.സി പ്രസിഡന്റിനെയും ധരിപ്പിച്ചിട്ടുണ്ടെന്നും ധര്‍മജന്‍ വ്യക്തമാക്കി.

ബാലുശേശേരിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവായിരുന്നു ധര്‍മജനെതിരെ മത്സരിച്ചത്. 20,000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ ബാലുശ്ശേരിയില്‍ സച്ചിന്‍ വിജയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Dharmajan about Pinarayi Vijayan and new LDF Govt.

We use cookies to give you the best possible experience. Learn more