കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം വഹിക്കുന്ന സര്‍ക്കാരില്‍ വിശ്വാസമാണെന്ന് നടനും ബാലുശ്ശേരി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മജന്‍ ബോള്‍ഗാട്ടി. റിപ്പോര്‍ട്ടര്‍ ടി. വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സഖാവ് പിണറായി വിജയന്‍ കര്‍ക്കശക്കാരനാണ് എന്നാല്‍ കാപട്യക്കാരനല്ലെന്നും അതുകൊണ്ട് തനിക്ക് വിശ്വാസമുണ്ടെന്നുമാണ് ധര്‍മ്മജന്‍ പറഞ്ഞത്.
അതേസമയം ബാലുശ്ശേരിയില്‍ ഇത്രവലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല എന്നും ധര്‍മ്മജന്‍ പറഞ്ഞു.
തോല്‍വിയും വിജയവുമൊക്കെ തെരഞ്ഞെടുപ്പില്‍ സാധാരണയായി ഉണ്ടാകുന്നതാണ്. അത് കൂടാതെ ഇത്തവണ ഒരു തരംഗവുമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും അധികം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല എങ്കിലും തോല്‍വി സമ്മതിക്കുകയാണെന്നും ധര്‍മജന്‍ പറഞ്ഞു.
ധര്‍മ്മജന്‍ സിനിമയില്‍ നിന്നാല്‍ മതി തല്‍ക്കാലം രാഷ്ട്രീയത്തിലേക്ക് നിന്റെ ആവശ്യം ഇല്ല എന്ന് വിചാരിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കും രാഷ്ട്രീയത്തില്‍ വിജയിക്കാത്തത്. സച്ചിന്‍ദേവ് നല്ല സ്ഥാനാര്‍ത്ഥിയായിരുന്നു. നല്ല പ്രകടനമായിരുന്നു. എന്നിരുന്നാലും മറ്റൊരു ജില്ലയില്‍ നിന്നെത്തി മത്സരിച്ചിട്ടുകൂടി അവിടുത്തെ ജനസമ്മതി വലിയ കാര്യം തന്നെയാണെന്നും ധര്‍മ്മജന്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വി തന്നെ ബാധിച്ചിട്ടില്ലെന്നും താന്‍ ഇനിയും രാഷ്ട്രീയത്തിലും കോണ്‍ഗ്രസിലും തുടരുമെന്നും ധര്‍മ്മജന്‍ പറഞ്ഞു. സൈബര്‍ ആക്രമണങ്ങളെയൊന്നും പേടിക്കുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ സംഘടനാപരമായിട്ടുള്ള കുറേ പ്രശ്നങ്ങളുണ്ടായെന്നും അതെല്ലാം സംഘടനയെയും കെ.പി.സി.സി പ്രസിഡന്റിനെയും ധരിപ്പിച്ചിട്ടുണ്ടെന്നും ധര്‍മജന്‍ വ്യക്തമാക്കി.