| Tuesday, 30th May 2023, 6:27 pm

ഏറ്റവും ആരാധനയുള്ളയാളെ സെക്കന്റ് കൊണ്ട് മാമുക്കോയ വിളിച്ച് തന്നു; എന്റെ കൈയും കാലും വിറക്കുന്നുണ്ടായിരുന്നു: ധര്‍മജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പാപ്പീ അപ്പച്ച എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ സിനിമയിലെത്തിയത്. നടന്‍ മാമുക്കോയയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് പറയുകയാണ് ധര്‍മജന്‍ ഇപ്പോള്‍.

താന്‍ ഏറെ ആരാധിക്കുന്ന എഴുത്തുകാരന്‍ എം. മുകുന്ദനുമായി സംസാരിക്കാനുള്ള അവസരം ഒരുക്കി തന്നത് മാമുക്കോയയാണെന്നും അദ്ദേഹം പറഞ്ഞു. മാമുക്കോയ മരിച്ച സമയത്ത് പങ്കെടുക്കാന്‍ കഴിയാത്തത് വളരെ വിഷമമുള്ള കാര്യമാണെന്നും ധര്‍മജന്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.

‘എനിക്ക് ഒരുപാട് അടുപ്പമുള്ള ഒരു വലിയ കാര്യം ചെയ്തു തന്നിട്ടുള്ളയാളാണ് മാമുക്കോയ. എനിക്ക് വളരെ ആരാധനയുള്ള ഒരു എഴുത്തുകാരനായിരുന്നു എം. മുകുന്ദന്‍. ഒരു ദിവസം ഞാനും ഇന്നസെന്റ് ചേട്ടനും മാമുക്കോയയും കൂടി ഒരു സിനിമയുടെ ലൊക്കേഷനില്‍ ഷൂട്ടിങ് കഴിഞ്ഞ് ഇരിക്കുകയായിരുന്നു.

അവിടെ വെച്ച് കുറേ സാഹിത്യപരമായിട്ടുള്ള സംസാരങ്ങളൊക്കെ നടക്കുന്നതിനിടയില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു എഴുത്തുകാരന്‍ എം. മുകുന്ദനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എനിക്ക് ഭയങ്കര ആരാധനയാണ് അദ്ദേഹത്തോട് എന്നും പറഞ്ഞു.

ഒരു ദിവസം എനിക്ക് അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയുമൊക്കെ വേണമെന്ന് പറഞ്ഞപ്പോള്‍ മാമുക്കോയ അപ്പോള്‍ തന്നെ ഫോണ്‍ എടുത്ത് അദ്ദേഹത്തെ വിളിച്ചു. മുകുന്ദാ നിന്റെയൊരു ആരാധകനുണ്ട് ഇവിടെ ഞാന്‍ ഫോണ്‍ കൊടുക്കാമെന്ന് പറഞ്ഞ് എനിക്ക് ഫോണ്‍ തന്നു.

ഞാന്‍ പേടിച്ച് എന്റെ കയ്യും കാലുമൊക്ക വിറച്ചു. അത്രയും സാഹിത്യകാരന്മാരുമായി വളരെ പരിചയമുള്ള ഒരാളായിരുന്നു അദ്ദേഹം. മാമുക്കോയ നന്നായിട്ട് പ്രസംഗിക്കും. വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയ ഒരുപാട് സാഹിത്യകാരന്മാരുമായി വളരെ ആത്മബന്ധമുള്ള ഒരാളായിരുന്നു അദ്ദേഹം.

എനിക്ക് ഏറ്റവും ആരാധനയുള്ള ഒരാളെ വെറും സെക്കന്റ് കൊണ്ട് വിളിച്ച് തന്നു. അങ്ങനെയൊരു ബന്ധം മാമുക്കോയയുമായിട്ടുണ്ട്. മാമുക്കോയയും ഇന്നസെന്റ് ചേട്ടനും മരിച്ചു പോയപ്പോള്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. അതെനിക്ക് വലിയ ഒരു വിഷമമായിരുന്നു,’ ധര്‍മജന്‍ പറഞ്ഞു.

ഇന്നസെന്റുമായുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇന്നസെന്റ് മരിക്കുന്നതിന് മുമ്പ് മീന്‍ ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്നും ധര്‍മജന്‍ പറഞ്ഞു.

‘ഇന്നസെന്റേട്ടന്‍ മരിക്കുന്നതിന്റെ കുറച്ച് നാളുകള്‍ക്ക് മുമ്പ് മീന്‍ വേണം എന്ന് പറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ കുറച്ച് മീന്‍ ബോക്‌സിലൊക്കെയാക്കി കളമശേരിയില്‍ റോഡരികില്‍ വെയ്റ്റ് ചെയ്തു.

അപ്പോഴേക്കും ഇന്നസെന്റേട്ടന്‍ കാറില്‍ വന്നു. എന്റെ കൈയില്‍ നിന്ന് മീന്‍ വാങ്ങിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, നീ എന്റേന്ന് പൈസ മേടിക്കാറില്ലാ കുറേ കാലമായില്ലേ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ മരിക്കുന്നതിന് മുമ്പ് വാങ്ങിക്കോളാമെന്ന്,’ ധര്‍മജന്‍ പറഞ്ഞു.

content highlight: dharmajan about mamukkoya

We use cookies to give you the best possible experience. Learn more