മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്ക് വന്നയാളാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. പാപ്പി അപ്പച്ചന്‍ എന്ന സിനിമയിലൂടെയാണ് താരം സിനിമാജീവിതം ആരംഭിക്കുന്നത്. നടന്‍ ഇന്നസെന്റുമായുളള അനുഭവം പങ്കുവെക്കുകയാണ് ധര്‍മജനിപ്പോള്‍.
ഇന്നസെന്റ് മരിക്കുന്നതിന് മുമ്പ് മീന്‍ വേണമെന്ന് പറഞ്ഞ് വിളിച്ചിട്ടുണ്ടായിരുന്നുവെന്നും താന്‍ അത് ബോക്‌സിലാക്കി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു. പൈസ വാങ്ങിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മരിക്കുന്നതിന് മുമ്പ് വാങ്ങിക്കോളാമെന്ന് പറഞ്ഞതായും ധര്‍മജന്‍ മൈല്‍സ്റ്റോണ്‍ മെക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ഇന്നസെന്റേട്ടന്‍ മരിക്കുന്നതിന്റെ കുറച്ച് നാളുകള്‍ക്ക് മുമ്പ് മീന്‍ വേണം എന്ന് പറഞ്ഞ് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ അപ്പോള്‍ തന്നെ കുറച്ച് മീന്‍ ബോക്സിലൊക്കെയാക്കി കളമശേരിയില്‍ റോഡരികില്‍ വെയ്റ്റ് ചെയ്തു.
അപ്പോഴേക്കും ഇന്നസെന്റേട്ടന്‍ കാറില്‍ വന്നു. എന്റെ കൈയില്‍ നിന്ന് മീന്‍ വാങ്ങിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, നീ എന്റേന്ന് പൈസ മേടിക്കാറില്ലാ കുറേ കാലമായില്ലേ എന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ മരിക്കുന്നതിന് മുമ്പ് ഞാന്‍ വാങ്ങിക്കോളാമെന്ന്,’ ധര്‍മ്മജന്‍ പറഞ്ഞു.
തന്നെ തെറി പറഞ്ഞ് കൊണ്ട് ഒരാള്‍ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്ത കഥയും അദ്ദേഹം രസകരമായി പങ്കുവെച്ചു.
‘ഞാന്‍ ഫോണ്‍ ചെയ്ത് നാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ എന്റെ മുന്നില്‍ പ്രായമായ ഒരു വ്യക്തി എന്നെ പോലെ തന്നെ ഫോണ്‍ ചെയ്ത് നടക്കുന്നുണ്ട്. ഈ വ്യക്തി ഇവിടെ താമസമായിട്ട് കാലങ്ങളായി.
ഇയാള്‍ ഫോണിലൂടെ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാം. കാരണം തൊട്ട് പുറകിലായിട്ടാണ് ഞാന്‍ നടക്കുന്നത്. ഇയാള്‍ അയാളുടെ വീട്ടിലേക്കുള്ള വഴി ഫോണിലൂടെ പറഞ്ഞു കൊടുക്കുകയാണ്. പക്ഷേ മറുവശത്തുള്ള ആള്‍ക്ക് വഴിതെറ്റിപ്പോവുകയാണ്.
വഴി ഒന്നിലേറെ പ്രാവശ്യം തെറ്റിയപ്പോള്‍ ഇവര്‍ തമ്മില്‍ തര്‍ക്കമായി. പെട്ടന്നാണ് ഇയാള്‍ എന്റെ പേര് പറയുന്നത്. ആ സിനിമാ നടന്‍ ധര്‍മജന്‍ തെണ്ടി ഇല്ലേ, അവന്റെ വീടിന്റെ അടുത്താണെന്ന്. ഇതു പറയലും അയാള്‍ പെട്ടെന്ന് തിരിഞ്ഞു. അപ്പോള്‍ പുറകിലുള്ള എന്നെ കണ്ടു.
ഞാന്‍ ഒരു ചെറിയ ചിരി ചിരിച്ചു. ഞാന്‍ അയാളോട് ഒരു തെറ്റും ചെയിതിട്ടില്ല. പക്ഷെ എന്റെ വീട് പറഞ്ഞു കൊടുത്തത് കൊണ്ട് വഴി തെറ്റിയ ആള്‍ക്ക് കറക്റ്റ് സ്ഥലത്ത് എത്താന്‍ പറ്റി,’ ധര്‍മജന്‍ പറഞ്ഞു.