| Friday, 16th June 2023, 11:43 am

കേന്ദ്ര സര്‍ക്കാര്‍ മതനേതാക്കളെ രാഷ്ട്രീയത്തില്‍ ഇടപെടുത്തുന്നു; അവര്‍ മഠങ്ങള്‍ നടത്തി പൂജ ചെയ്യട്ടെ: കെ. ചന്ദ്രശേഖര്‍ റാവു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. മതനേതാക്കളെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡില്‍ മതസംഘടനകളില്‍ നിന്നും നിയമ കമ്മീഷന്‍ അഭിപ്രായം തേടിയതിന് പിന്നാലെയാണ് കെ.സി.ആറിന്റെ വിമര്‍ശനം.

‘ എവിടെ നിന്നാണ് ഈ മതനേതാക്കളെയെല്ലാം കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്,’ അദ്ദേഹം ചോദിച്ചു.

‘മതനേതാക്കള്‍ മഠങ്ങള്‍ നടത്തി പൂജ ചെയ്യണം. അവര്‍ ഭരണ കാര്യങ്ങളില്‍ ഇടപെട്ട് അനാവശ്യമായി ബഹളങ്ങള്‍ ഉണ്ടാക്കുകയാണ്,’ അദ്ദേഹം പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മീഷന്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അഭിപ്രായങ്ങള്‍ തേടിയത്.

നേരത്തെ 21-ാം നിയമ കമ്മീഷന്‍ വിഷയം പഠിക്കുകയും രണ്ട് തവണ ജനങ്ങളില്‍നിന്നും അഭിപ്രായം തേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2018ല്‍ ‘ കുടുംബ നിയമത്തിലെ പരിഷ്‌കാരങ്ങള്‍’ എന്ന വിഷയത്തില്‍ കണ്‍സള്‍ട്ടേഷന്‍ പേപര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു.

‘മൂന്ന് വര്‍ഷത്തിലേറെയായി കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ അവതരിപ്പിക്കപ്പെട്ടിട്ട്. വിഷയത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിവിധ കോടതികളുടെ ഉത്തരവും കണക്കിലെടുത്താണ് 22-ാം നിയമ കമ്മീഷന്‍ ഈ വിഷയത്തില്‍ വീണ്ടും ആലോചനകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്,’ പാനല്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

നിയമ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് 22-ാം നിയമ കമ്മീഷന്‍ വിഷയത്തെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയിരുന്നു.

’22-ാം നിയമ കമ്മീഷന്‍ ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ മതസംഘടനകളില്‍ നിന്നും ജനങ്ങളില്‍ നിന്നും തേടാന്‍ തീരുമാനിച്ചിരിക്കുന്നു,’ നിയമ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

30 ദിവസത്തിനകം അഭിപ്രായങ്ങള്‍ അറിയിക്കാനാണ് നിയമ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കില്‍ വ്യക്തികളെയോ സംഘടനകളെയോ ചര്‍ച്ചക്കായി വിളിക്കുമെന്നും നിയമ കമ്മീഷന്‍ അറിയിച്ചു.

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ്.

Content Highlight: Dharma gurus must run mutts and do pooja: KCR

Latest Stories

We use cookies to give you the best possible experience. Learn more