മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. രാജ്യത്തെ പ്രധാന കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിലൊന്ന്. കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ ആങ്കയുണ്ടാക്കിയ പ്രദേശം. എന്നാല്‍, കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ധാരാവിയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്.
കഴിഞ്ഞ ആറ് ദിവസമായി ധാരാവിയില്‍ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ഭേദമാവുന്നവരുടെ എണ്ണമാവട്ടെ, പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലുമാണ്. ആകെ രോഗം സ്ഥിരീകരിച്ച 1,899 പേരില്‍ 939 പേരും രോഗമുക്തി നേടി.
889-ല്‍ കുറവാണ് സജീവ കേസുകളുടെ എണ്ണം. 71 പേരാണ് ധാരാവിയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
ജൂണ്‍ ഒന്നുമുതല്‍ ആറ് വരെയുള്ള കണക്ക് പരിശോധിച്ചാല്‍ ഈ വ്യത്യാസം മനസിലാവും. ജൂണ്‍ ഒന്നിന് 34 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ ആറിന് പത്തും. മഹാരാഷ്ട്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്ന കണക്കനുസരിച്ചാണ് ഇത്.
ഏപ്രില്‍ ഒന്നിനാണ് ധാരാവിയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ മഹാരാഷ്ട്രയില്‍ ഏറ്റവുമധികം രോഗ വ്യാപന സാധ്യതയുള്ള പ്രദേശമായി ധാരാവി മാറുകയായിരുന്നു. ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ധാരാവിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പതിവാവുകയും ചെയ്തു.
ജനസാന്ദ്രതയേറിയ ചേരിയായതിനാല്‍ ധാരാവി വൈറസിന്റെ പ്രജനന കേന്ദ്രമായി മാറിയേക്കാം എന്ന ആശങ്ക ഉയരുകയും ചെയ്തിരുന്നു.
മുംബൈ മുന്‍സിപല്‍ കോര്‍പറേഷന്റെ ശ്രമകരമായ പ്രവര്‍ത്തനങ്ങളാണ് ധാരാവിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് മുതല്‍ ഏഴ് ലക്ഷത്തോളം ആളുകളെയാണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. രോഗ ലക്ഷണമുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചത് വ്യാപന സാധ്യത കുറച്ചെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
8,500 ഓളം ആളുകളെ ഐസോലേറ്റ് ചെയ്തു. രോഗം വേഗം തിരിച്ചറിയാനുള്ള നടപടികള്‍ നടത്തി. ഇവയാണ് മരണ സംഖ്യ ക്രമേണ കുറയാനുള്ള കാരണമെന്ന് അസിസ്റ്റന്റ് മുന്‍സിപല്‍ കമ്മീഷണര്‍ കിരണ്‍ ദിഗ്വാകര്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക