ഐ ആം വിത്ത് ധന്യ വര്‍മ എന്ന ചാറ്റ് ഷോയിലൂടെ ശ്രദ്ധ നേടിയ അവതാരകയാണ് ധന്യ വര്‍മ. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള വ്യക്തികളെ ധന്യ അഭിമുഖം ചെയ്തിട്ടുണ്ട്. തന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ആശയങ്ങളുള്ളവര്‍ പരിപാടിയില്‍ വരുമ്പോള്‍ അത്തരം സാഹചര്യങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന് പറയുകാണ് ധന്യ.
താന്‍ ആദ്യം ജോലി ചെയ്തിരുന്നത് ന്യൂസ് ചാനലിലാണെന്നും അവിടെ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും വരെ ചോദ്യം ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ധന്യ പറഞ്ഞു. എന്നാല്‍ തന്റേതൊരു ചെറിയ ചാനലാണെന്നും അവിടെ നിരവധി പരിമിതികളുണ്ടെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ധന്യ വര്‍മ പറഞ്ഞു.
‘ഇന്റര്‍വ്യു ചെയ്യുമ്പോള്‍ സ്ഥിരമായി ഫേസ് ചെയ്യേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണത്. പലപ്പോഴും അവര്‍ പറയുന്ന കാര്യവുമായി എന്റെ ഐഡിയോളജി മാച്ചാവാറില്ല. ഞാന്‍ നേരത്തെ ന്യൂസ് ചാനലിലാണ് ജോലി ചെയ്തത്. അവിടെ നമുക്ക് ഒരുപാട് സ്വാതന്ത്ര്യമുണ്ടായിരുന്നു. നമുക്ക് അഗ്രസീവാകാനും അറ്റാക്ക് ചെയ്യാനുമൊക്കെയുള്ള സ്വാതന്ത്ര്യം അവിടെയുണ്ട്.
അവിടെ നമുക്ക് ഒരു പവര്‍ ബാക്കപ്പുണ്ട്. നമുക്ക് എന്ത് വേണമെങ്കിലും ചോദിക്കാം. അതിപ്പോള്‍ മുഖ്യമന്ത്രിയായാലും പ്രധാനമന്ത്രിയായാലും ചോദ്യങ്ങള്‍ ചോദിക്കാന്‍ നമുക്കൊരു സ്‌പേസുണ്ട്. ആ സ്‌പേസ് നമുക്കൊരു ഓണ്‍ലൈന്‍ മീഡിയയില്‍ നിന്നാല്‍ കിട്ടില്ല. ഞാനാണെങ്കില്‍ ഒരു ചെറിയ ചാനലിലാണല്ലോ പ്രവര്‍ത്തിക്കുന്നത്. അങ്ങനെ വെച്ച് നോക്കുമ്പോള്‍ നമുക്ക് നമ്മുടേതായ പരിമിതികളുണ്ട്.
എന്റേതൊരു ന്യൂസ് ചാനലല്ല. ഇന്‍ഫോര്‍ടെയിന്‍മെന്റ് ചാനലാണ്. അവിടെ ഇന്‍ഫര്‍മേഷനുമുണ്ട് എന്റര്‍ടെയിന്‍മെന്റുമുണ്ട്. ആ സ്‌പേസില്‍ നിന്നുമാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നത്. അവിടെ നില്‍ക്കുമ്പോള്‍ എനിക്ക് അഗ്രസീവാകേണ്ട ആവശ്യമില്ല. അവിടെയാണ് ഞാന്‍ സെലക്ടീവാകുന്നത്. കൃത്യമായ സന്ദേശമാണോ പുറത്തേക്ക് പോകുന്നത് എന്ന കാര്യത്തില്‍ ഞാന്‍ കോണ്‍ഷ്യസാണ്.
എന്റെ ലോക വിവരം വെച്ചിട്ടാണ് ഞാന്‍ ഇതൊക്കെ മനസിലാക്കുന്നത്. ഇതിനെ കുറിച്ചൊക്ക ശ്രദ്ധയോടെ സംസാരിക്കുന്ന ഒരു അതിഥിയാണോ വരുന്നതെന്ന് ഞാന്‍ നോക്കാറുണ്ട്. എത്ര വ്യൂസും ലൈക്ക്‌സും കിട്ടിയാലും മോശം മെസേജുകള്‍ നല്‍കുന്ന വ്യക്തികളെ പരിപാടിയിലേക്ക് വിളിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്,’ ധന്യ വര്‍മ
content highlight: dhanya varma about news anchors