കോഴിക്കോട്: ലവ് ജിഹാദിനെതിരെയുള്ള സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ തന്നെയുള്‍പ്പെടുത്തിയത് അനുവാദമില്ലാതെ എന്ന് സാമൂഹ്യ പ്രവര്‍ത്തക ധന്യാ രാമന്‍. ഗ്രൂപ്പില്‍ അംഗമായത് താനറിഞ്ഞിരുന്നില്ല എന്നും തന്നെ ഗ്രൂപ്പില്‍ ആഡ് ചെയതവര്‍ തന്നെ റിമൂവ് ചെയ്യുകയായിരുന്നെന്നും ധന്യാ രാമന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
Also read കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം
കേരളത്തിലെ ലവ് ജിഹാദുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആരംഭിച്ച സോഷ്യല്‍ മീഡിയാ ഗ്രൂപ്പില്‍ ധന്യാ രാമന്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. ഗ്രൂപ്പിലെ അംഗങ്ങളുടെ സ്‌ക്രീന്‍ ഷോട്ടും മെസ്സേജുകളും സഹിതമായിരുന്നു വാര്‍ത്തകള്‍. ധന്യാ രാമന്‍, രാഹുല്‍ ഈശ്വര്‍, ഞെരളത്ത് ഗോവിന്ദന്‍ തുടങ്ങിയവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണെന്നും ചര്‍ച്ചകളില്‍ ഇവര്‍ പങ്കെടുക്കുന്നതായും വാര്‍ത്തകളിലുണ്ടായിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനത്തിനൊപ്പം ദളിത് ആക്ടിവിസ്റ്റായ ധന്യാ രാമനും സമൂഹത്തിലെ മതേതര മുഖങ്ങളും സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പില്‍ ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
“സമൂഹത്തിന്റെ വിവിധ മേഘലയിലുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണെന്ന് കാണിക്കാന്‍ വേണ്ടി അവര്‍ തന്നെ ഗ്രൂപ്പിലംഗമാക്കുകയായിരുന്നു. സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത ശേഷം തന്നെ റിമൂവ് ആക്കുകയാണുണ്ടായത്. താന്‍ അതിലെ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നില്ല. ആകെ എന്റെ അക്കൗണ്ടില്‍ നിന്നു ഒരു ലൈക്കാണ് ഗ്രൂപ്പില്‍ വന്നത് അത് അബദ്ധത്തില്‍ സംഭവിച്ചതാണ്. തന്റെ അക്കൗണ്ടില്‍ നിരവധി മെസ്സേജുകളാണ് വന്ന് കിടക്കുന്നത്. അറിയാതെ വിരല്‍ തട്ടിയപ്പോഴാകും ഈ ഗ്രൂപ്പിലേക്ക് മെസ്സേജ് പോയത് താനത് അറിഞ്ഞിരുന്നില്ല.” ധന്യ ഡൂള്‍
ന്യൂസിനോട് പറഞ്ഞു.
സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്നാല്‍ അവരൊക്കെ അത് അറിഞ്ഞിരിക്കണമെന്നില്ല. ഗ്രൂപ്പ് ആരുടെയാണെന്നും എന്താണെന്നും കണ്ടു പിടിക്കണമെന്നാവശ്യപ്പെട്ടും തന്റെ അനുവാദമില്ലാതെ ഗ്രൂപ്പ് അംഗമാക്കിയതിനെതിരെയും തിരുവനന്തപുരം റേഞ്ച് ഐ.ജിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ധന്യ വ്യക്തമാക്കി.