സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഇല്ല എന്ന് പറയാനാവില്ലെന്ന് നടി ധന്യ അനന്യ. ആണ്‍/പെണ്‍ എന്നതിലുപരി എല്ലാവരും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നും കുറച്ചുകൂടി സ്വതന്ത്രമായി എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ പറ്റുന്ന ഒരിടം ഉണ്ടാവണം എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധന്യ പറഞ്ഞു.
‘വ്യക്തിപരമായി അങ്ങനെയൊരു അനുഭവം ഞാന്‍ നേരിട്ടിട്ടില്ല. എന്നുവെച്ച് കാസ്റ്റിങ് കൗച്ച് ഇല്ല എന്നു പറയാന്‍ സാധിക്കില്ല. ഇതേക്കുറിച്ച് ആളുകള്‍ തുറന്നുപറയുന്നുണ്ട് ഇപ്പോള്‍. എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. മുമ്പത്തെ അപേക്ഷിച്ച് കാസ്റ്റിങ് കൗച്ച് കുറച്ച് കുറവാണെന്നാണ് തോന്നുന്നത്.
ആണ്‍/പെണ്‍ എന്നതിലുപരി എല്ലാവരും ഈ പ്രശ്‌നം നേരിടുന്നുണ്ട്. ഇങ്ങനത്തെ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത, കുറച്ചുകൂടി സ്വതന്ത്രമായി എല്ലാവര്‍ക്കും ജോലി ചെയ്യാന്‍ പറ്റുന്ന ഒരിടം ഉണ്ടാവണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജോലി ചെയ്യുന്നതിന് മതിയായ പ്രതിഫലം കിട്ടണം. ഓരോരുത്തര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണം. പ്രശ്‌നങ്ങള്‍ തുറന്നുപറയുമ്പോള്‍ അതിനെതിരെ നടപടിയുണ്ടാവുകയും വേണം,’ ധന്യ പറഞ്ഞു.
തുല്യവേതനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോടും ധന്യ പ്രതികരിച്ചിരുന്നു. ‘പ്രതിഫലം വ്യത്യസ്തം തന്നെയാണ്. തുല്യവേതനം എന്നതിനെ കുറിച്ച് പറയുമ്പോള്‍, ഓരോ ആളും ചെയ്യുന്ന റോള്‍ വ്യത്യസ്തമായിരിക്കും. എക്‌സ്പീരിയന്‍സും പ്രധാനമാണ്. എന്നെ സംബന്ധിച്ച് ചെയ്യുന്ന റോളിന് നിശ്ചയിച്ച പ്രതിഫലം കൃത്യമായി നല്‍കണം എന്നാണ്. എന്നെക്കാള്‍ മുതിര്‍ന്ന നടീനടന്മാര്‍ക്ക് ഒപ്പം അഭിനയിക്കുമ്പോള്‍, അവരുടെ അതേ പ്രതിഫലം വേണമെന്ന് പറയാന്‍ സാധിക്കില്ല.
എന്നാല്‍, ഓരോ സിനിമ ചെയ്യുമ്പോഴും നമ്മള്‍ കൂടുതല്‍ പരിചയസമ്പന്നരായി മാറുകയാണ്. അത് പ്രതിഫലത്തിന്റെ കാര്യത്തിലും കാണണം. അതായത്, ആദ്യ സിനിമയില്‍ നല്‍കിയ അതേ പ്രതിഫലം ആകരുത് അടുത്ത സിനിമ ചെയ്യുമ്പോള്‍ എനിക്ക് കിട്ടേണ്ടത്. ഓരോ സിനിമ ചെയ്യുമ്പോഴും ആക്ടര്‍ എന്ന നിലയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള പേമെന്റ് കിട്ടണം എന്നത് പ്രധാനമാണ്,’ ധന്യ പറഞ്ഞു.
Content Highlight: dhanya ananua talks about film field