ഷമ്മിയായി ആദ്യം ആലോചിച്ചത് ധനുഷിനെ; ആ കഥാപാത്രം എന്നിലേക്കെത്തിയതിന് ഒറ്റക്കാരണം മാത്രമേയുള്ളു: ഫഹദ് ഫാസില്‍
Entertainment news
ഷമ്മിയായി ആദ്യം ആലോചിച്ചത് ധനുഷിനെ; ആ കഥാപാത്രം എന്നിലേക്കെത്തിയതിന് ഒറ്റക്കാരണം മാത്രമേയുള്ളു: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th July 2022, 2:12 pm

ഫഹദ് ഫാസില്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മലയന്‍കുഞ്ഞ് ജൂലൈ 22നാണ് റിലീസ് ചെയ്യുന്നത്. പ്രകൃതി ദുരന്തം പ്രമേയമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താരങ്ങളുടെ പ്രതിഫലത്തെ പറ്റി അടുത്തിടെ ഉയര്‍ന്നു വന്ന വിവാദങ്ങളെ പറ്റിയും, സിനിമയുടെ കോസ്റ്റിങ്ങിനെ പറ്റിയുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക്  ഫഹദ് മറുപടി പറയുന്നുണ്ട്.

താരങ്ങളുടെ പ്രതിഫലം കൊണ്ടാണ് മിക്ക സിനിമകളും തിയേറ്ററില്‍ പരാജയപ്പെടുന്നത് എന്നാണ് നിര്‍മാതകള്‍ ആരോപിക്കുന്നുണ്ട് ഇതിനെ എങ്ങനെയാണ് നോക്കി കാണുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘കോസ്റ്റിങ് ഒരു സിനിമയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു കാര്യമാണ്. ബഡ്ജറ്റില്‍ ഒതുങ്ങുന്ന താരങ്ങളെ വെച്ച് സിനിമ ചെയ്യുക എന്നത് മാത്രമാണ് ഇതിന് പരിഹാരമായിട്ടുള്ളത്. ഒരു ഉദാഹരണം പറഞ്ഞാല്‍ കുമ്പളങ്ങി നൈറ്റ്സില്‍ ഞാന്‍ ചെയ്ത ഷമ്മിയുടെ റോള്‍ ആദ്യ ഘട്ടത്തില്‍ ധനുഷിനെ വെച്ച് പ്ലാന്‍ ചെയ്തതാണ്. അന്ന് മലയാള സിനിമക്ക് ധനുഷിനെ താങ്ങാന്‍ സാധിക്കാത്തത് കൊണ്ട് പറ്റുന്ന നടനായ എന്നെ വെച്ച് ചെയ്തു. എന്റെ പ്രൊഡക്ഷനാണെങ്കില്‍ കോസ്റ്റിങ് ഞാന്‍ കാര്യമായി തന്നെ എടുക്കാറുണ്ട്. എനിക്ക് താങ്ങാന്‍ പറ്റുന്നവരെ മാത്രമേ ഞാന്‍ വിളിക്കാറുള്ളൂ’ ; ഫഹദ് പറയുന്നു

പ്രൊഡക്ഷന്‍ സ്വന്തമായി ചെയ്യുമ്പോള്‍ കുറെ കൂടി കംഫര്‍ട്ട് ആകുന്നുണ്ടോ എന്ന ചോദ്യത്തിന് പണത്തിന്റെ കാര്യത്തില്‍ അല്ല സ്വന്തം പ്രൊഡക്ഷന്‍ കംഫര്‍ട്ട് തരുന്നതെന്നും മറിച്ച് തിരൂമാനങ്ങള്‍ എടുക്കുന്നത്തിലാണെന്നുമായിരുന്നു ഫഹദിന്റെ മറുപടി. സ്വന്തം പ്രൊഡക്ഷന്‍ ആയത് കൊണ്ട് തന്നെ ആരോടും കുടുതല്‍ ചര്‍ച്ച ചെയ്യാതെ പെട്ടന്ന് തിരൂമാനങ്ങള്‍ എടുത്ത് മുന്നോട്ട് പോകാന്‍ കഴിയുന്നുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

ഒ.ടി.ടി വന്നത് കൊണ്ട് ഒരു കഥക്ക് നിലനില്പില്ല എന്ന് കരുതുന്നില്ലെന്നും ഇപ്പോള്‍ പ്രേക്ഷകര്‍ പോസ്റ്ററുകള്‍ കാണുമ്പോള്‍ തന്നെ വീട്ടില്‍ ആ ചിത്രം കാണണോ തിയേറ്ററില്‍ കാണണോ എന്ന് തീരുമാനിക്കുമെന്നാണ് ഒ..ടി.ടി യെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി ഫഹദ് പറഞ്ഞത്.

നവാഗതനായ സജിമോനാണ് മലയന്‍കുഞ്ഞ് സംവിധാനം ചെയ്യുന്നത്. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസില്‍ നായകനായ മലയാള ചിത്രം തിയേറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഒടുവില്‍ തിയേറ്ററില്‍ ഇറങ്ങിയ ഫഹദ് ചിത്രം.

ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ആണ് മലയന്‍കുഞ്ഞിനായി തിരക്കഥ ഒരുക്കുന്നത്.

അര്‍ജു ബെന്‍ ആണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: ജ്യോതിഷ് ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: പി. കെ. ശ്രീകുമാര്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു ഗോവിന്ദ്-ശ്രീ ശങ്കര്‍, സിങ്ക് സൗണ്ട്: വൈശാഖ്. പി. വി, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, സംഘട്ടനം: റിയാസ്-ഹബീബ്, ഡിസൈന്‍: ജയറാം രാമചന്ദ്രന്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്, വാര്‍ത്താ പ്രചരണം: എം.ആര്‍. പ്രൊഫഷണല്‍.

Content Highlight :  Dhanush was first thought as shammi there was only one reason why the role came to me says fahadh-faasil