| Friday, 21st December 2018, 7:18 pm

മാരി 2 - രണ്ടാം വരവില്‍ ചൊടി കൂടുന്ന മാരി

ശംഭു ദേവ്

ധനുഷിനെ നായകനാക്കി 2015ല്‍ ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മാരി. “THE NAUGHTY GOON” എന്ന് വിശേഷിപ്പിക്കാവുന്ന നല്ല രസികന്‍ ഗുണ്ട കഥാപാത്രത്തെ ധനുഷ് തന്റെ ശൈലികൊണ്ട് മാരി എന്ന കഥാപാത്രത്തിനെ അങ്ങേയറ്റം ജനപ്രിയമാക്കിയിരുന്നു.

എന്നാല്‍ തിരക്കഥയിലെ ചില പാളിച്ചകളും, മാരിക്കൊപ്പം നില്‍ക്കുന്ന പ്രതിനായകനെയും ചിത്രത്തില്‍ സൃഷ്ടിച്ചെടുക്കുന്നതില്‍ പലയിടങ്ങളില്‍ തിരക്കഥയില്‍ പിഴവ് പറ്റിയതായി അനുഭവപ്പെട്ടിരുന്നു. അതേസമയം അനിരുദ്ധിന്റെ  പ്രേക്ഷകന്റെ പള്‍സ് അറിഞ്ഞ സംഗീതവും ധനുഷിന്റെ അസാധ്യ സ്‌ക്രീന്‍ സാന്നിധ്യവും ചിത്രത്തെ ജനപ്രിയമാക്കിയിരുന്നു.അനിരുദിന്റെ പാട്ടുകളും മാരി എന്ന കഥാപാത്രവും പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം പിടിച്ചിരുന്നു.

Review ഈ പ്രേത്രത്തില്‍ ശരിക്കും പ്രേതമുണ്ട്

അതുകൊണ്ട് തന്നെ ഒരു രണ്ടാം ഭാഗത്തിനുള്ള എല്ലാ സാധ്യതകളും മാരി എന്ന കഥാപാത്രത്തിലും ചിത്രത്തിലും ഉണ്ടായിരുന്നു. ഒന്നാം ഭാഗത്തില്‍ തനിക്ക് തിരക്കഥയില്‍ പറ്റിയ പിഴവുകളെ സമ്പന്നമായ രീതിയില്‍ സംവിധായകന്‍ രണ്ടാം ഭാഗത്തിലൂടെ തിരുത്തി എഴുതിയിരിക്കുകയാണ്. മാരി എന്ന ചിത്രത്തിന്റെ തുടര്‍ച്ചയല്ല, എന്നാല്‍ മാരി എന്ന കഥാപാത്രത്തെ അതേ പ്രൗഡിയില്‍ മറ്റൊരു കഥ പശ്ചാത്തലത്തിലേക്കു പറിച്ചിടുകയാണ് സംവിധായകന്‍.

സായി പല്ലവിയാണ് ഇത്തവണ നായികയായി ചിത്രത്തില്‍ എത്തുന്നത്. അരാത്ത് ആനന്ദി എന്ന ഓട്ടോറിക്ഷ ഡ്രെെവറായാണ് സായ് ചിത്രത്തില്‍ എത്തുന്നത്. കലി എന്ന ചിത്രത്തിന് ശേഷം സായ് പല്ലവി എന്ന നടിയുടെ നല്ലൊരു കഥാപാത്രം തന്നെയായിരുന്നു ആനന്ദി. ധനുഷുമായുള്ള സ്‌ക്രീന്‍ കെമിസ്ട്രി മികച്ച രീതിയില്‍ സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കുവാന്‍ സായ് പല്ലവി എന്ന നടിക്ക് പലയിടങ്ങളിലും സാധിച്ചു.

രണ്ടാം പകുതിയിലെ കഥയുടെ താളം തെറ്റാതെ കൊണ്ടുപോകുന്നതില്‍ ധനുഷിന്റേയും സായ് പല്ലവിയുടെയും മികച്ച പ്രകടനം ശക്തമായ ഒരു തിരക്കഥയെ പിന്തുണച്ചു നില്‍ക്കുന്നവയായിരുന്നു. മാരിയോടൊപ്പം നില്‍ക്കുന്ന ശക്തമായ ഒരു പ്രതിനായകനെ സൃഷ്ടിക്കുന്നതില്‍ സംവിധായകനോ, അത് മികവുറ്റ രീതിയില്‍ പ്രതിഫലിപ്പിക്കുന്നതിനു ടോവിനോ തോമസ് എന്ന നടനോ പരാജയപ്പെട്ടില്ല.

Review സീതാകാത്തി -പുനര്‍ജന്മം കലയിലൂടെ

മരണത്തിന്റെ ദൈവം എന്ന് വിശേഷിപ്പിക്കുന്ന “ബീജ” എന്ന കഥാപാത്രമായി കരുത്തുറ്റ പ്രതിനായകനായി ടോവിനോ തോമസ്. സ്‌റ്റൈല്‍ എന്ന ചിത്രത്തിന് ശേഷം പ്രതിനായക വേഷത്തില്‍ എത്തുമ്പോള്‍ നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് മുന്നോട്ടു തന്നെയാണെന്ന് മാരി 2 തെളിയിക്കുന്നു. നായകനും വില്ലനും നേര്‍ക്കുനേര്‍ പൊരുതാന്‍ ശക്തമായ കഥയും കാരണവും തിരക്കഥയില്‍ കൊണ്ടുവന്നപ്പോള്‍, ആഘോഷകാലത്ത് കൈയ്യടിച്ച് ആസ്വദിക്കുവാന്‍ സാധിക്കുന്ന ഒരു നിലവാരമുള്ള മാസ്സ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് ജന്മം കൊണ്ടത്.

വട ചെന്നൈ പോലുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമക്കൊപ്പം തന്നെ, എല്ലാ രീതിയിലെ പ്രേക്ഷകനെയും തൃപ്തി പെടുത്തുവാന്‍ സാധിക്കുന്ന ഒരു മാസ്സ് സിനിമ നിര്‍മ്മിക്കുന്നതിലും ധനുഷ് എന്ന നടന്‍ വിജയം കണ്ടെത്തിയിരിക്കുന്നു. വില്ലന് വേണ്ടിയും നായകന് വേണ്ടിയും കൈയ്യടിച്ചു പോകുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് മാരി 2 .

അനിരുദ്ധിന്റെ സംഗീതം മാരിയുടെ ഒന്നാം ഭാഗത്തില്‍ സൃഷ്ടിച്ച കോളിളക്കം യുവന്‍ ശങ്കര രാജയ്ക്ക് രണ്ടാം ഭാഗത്തില്‍ സൃഷ്ടിച്ചെടുക്കുവാന്‍ സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നു. എന്നിരുന്നാലും മുന്‍വിധികളെ ഭേദിച്ചുകൊണ്ട് തന്റേതായ ശൈലിയില്‍ ഒട്ടും മുഷിപ്പിക്കാതെ, ചിത്രത്തിന്റെ മാസ്സ് രംഗങ്ങളെയും, രണ്ടാം പകുതിയിലെ ഒരു സെമി ഡ്രാമ രംഗങ്ങളെയും യുവന്‍ തന്റെ സംഗീതത്താല്‍ അവിസ്മരണീയമാക്കി.

മാരി 2 ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും, ധനുഷിന്റേയും ടോവിനോ തോമസിന്റെയും രണ്ടു കോണിലുള്ള മികച്ച പ്രകടനങ്ങളാലും സമ്പന്നമാണ്. തിരക്ക് നിറഞ്ഞ തീയേറ്ററുകളില്‍ ഓളത്തില്‍,കൈയ്യടിച്ചു ആസ്വദിച്ചു കാണുവാന്‍ സാധിക്കുന്ന ചിത്രമാണ് മാരി 2

ശംഭു ദേവ്

We use cookies to give you the best possible experience. Learn more