|

അഭിനയത്തെക്കാള്‍ അടിപൊളി സംവിധാനമാണെന്ന് ധനുഷിന് മനസിലായെന്ന് തോന്നുന്നു, വന്‍ താരനിരയുമായി അടുത്ത സിനിമ തുടങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തോടൊപ്പം സംവിധാനവും കൊണ്ടുപോവുക എന്നത് വളരെയധികം പാടുള്ള പരിപാടിയാണ്. സംവിധനത്തില്‍ നിന്ന് അഭിനയത്തിലേക്ക് മാറിയ നിരവധി നടന്മാര്‍ ഇന്ത്യന്‍ സിനിമയിലുണ്ട്. ഫര്‍ഹാന്‍ അക്തര്‍, അനുരാഗ് കശ്യപ് തുടങ്ങി മലയാളത്തില്‍ ലാല്‍, ജോണി ആന്റണി, ബേസില്‍ ജോസഫ് എന്നിങ്ങനെ നീളുന്ന വലിയ നിര തന്നെയുണ്ട്. തമിഴിലും നിരവധി സംവിധായകര്‍ അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അഭിനയത്തില്‍ നിന്ന് സംവിധാനത്തിലേക്ക് മാറിയവര്‍ ചുരുക്കമാണ്.

വലിയൊരു നടന്‍ എന്ന നിലയില്‍ നില്‍ക്കെ തന്നെ സംവിധാനത്തിലും കഴിവ് തെളിയിച്ചവര്‍ ചുരുക്കമാണ്. മലയാളത്തിന്റെ സ്വന്തം നടന്‍ പൃഥ്വിരാജ് അതിനൊരുദാഹരണമാണ്. സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ഇന്‍ഡസ്ട്രി കണ്ട ഏറ്റവും വലിയ വിജയമാക്കി മാറ്റാന്‍ പൃഥ്വിക്ക് സാധിച്ചു. തമിഴില്‍ ഇതേ പാത പിന്തുടരുകയാണ് ധനുഷ്. ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ് എന്നീ മേഖലകളില്‍ നേരത്തെ തന്റെ കയ്യൊപ്പ് പതിപ്പിച്ച ധനുഷ് 2017ലാണ് ആദ്യമായി സംവിധായകകുപ്പായമണിയുന്നത്.

തന്റെ നാലാമത്തെ സംവിധാനസംരംഭത്തിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരിക്കുകയാണ്. ഇത്തവണ ഒരു വില്ലേജ് ഫീല്‍ഗുഡ് ചിത്രമാണ് ധനുഷ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ധനുഷിന് പുറമെ അരുണ്‍ വിജയ്‌യും അശോക് സെല്‍വനും മുഖ്യവേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ അവാര്‍ഡിന് ശേഷം നിത്യ മേനന്‍ തമിഴിലേക്ക് ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുവെന്നും റൂമറുകളുണ്ട്. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. വ്യത്യസ്ത ഴോണറുകളിലാണ് ധനുഷ് ഓരോ സിനിമയും അണിയിച്ചൊരുക്കുന്നത്.

വളരെ ലൈറ്റ് ആയ ഫീല്‍ ഗുഡ് ചിത്രമായാണ് ധനുഷ് ആദ്യ ചിത്രമായ പവര്‍ പാണ്ടി അണിയിച്ചൊരുക്കിയത്. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിന് സാധിച്ചു. പിന്നീട് ക്യാമറക്ക് പിന്നില്‍ ധനുഷ് എത്തിയ രായന്‍ താരത്തിന്റെ 50ാമത്തെ ചിത്രമായിരുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായ രായനിലെ ടൈറ്റില്‍ റോളിലെത്തിയതും ധനുഷ് തന്നെയായിരുന്നു. രായന്‍ റിലീസാകുന്നതിന് മുമ്പ് തന്നെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടും താരം പൂര്‍ത്തിയാക്കി.

ആദ്യ രണ്ട് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി റോം കോം ഴോണറിലാണ് താരം മൂന്നാമത്തെ ചിത്രമായ നിലവുക്ക് എന്നടി എന്മേല്‍ കോപം അണിയിച്ചൊരുക്കിയത്. പുതുമുഖമായ പവീഷാണ് ചിത്രത്തിലെ മുഖ്യവേഷത്തിലെത്തുന്നത്. ഒപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസ്, അനിഖ സുരേന്ദ്രന്‍, പ്രിയ വാര്യര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിലെ ആദ്യഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അഭിനയവും സംവിധാനവും ഒരുപോലെ കൊണ്ടുപോകുന്ന ധനുഷിനെ പലരും അഭിനന്ദിക്കുന്നുണ്ട്.

Content Highlight: Dhanush started the shoot of his next directorial

Latest Stories