| Tuesday, 3rd December 2024, 10:21 am

കൊലവെറി ഡി...ആ ഗാനം ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു: ധനുഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനിരുദ്ധിന്റെ സംഗീതത്തില്‍ ധനുഷ് രചിച്ച് അദ്ദേഹം തന്നെ ആലപിച്ച പാട്ടാണ് കൊലവെറി ഡി. അതുവരെ സംഗീത ലോകം കേള്‍ക്കാതിരുന്ന വ്യത്യസ്തമായ ഇംഗ്ലീഷും തമിഴും ചേര്‍ന്ന തംഗ്ലീഷ് ഗാനം ഇന്റര്‍നെറ്റ് സെന്‍സേഷണല്‍ ആയിരുന്നു. ഈ ഗാനം പുറത്തിറങ്ങിയ കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ യൂട്യൂബ് വീഡിയോ ആയിരുന്നു കൊലവെറി ഡി.

കൊലവെറി ഡി എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് ധനുഷ്. ഗാനം ഇപ്പോഴും തന്നെ വേട്ടയാടിക്കൊടിരിക്കുകയാണെന്നും എവിടെ പോയാലും ആളുകള്‍ അത് പാടാന്‍ പറയുമെന്നും ധനുഷ് പറഞ്ഞു. കൊലവെറി ഡി എന്ന ഗാനം ചെയ്തത് രാത്രി ആയിരുന്നെന്നും രാവിലെ ഉണര്‍ന്ന് എഴുന്നേറ്റപ്പോള്‍ പാട്ടിനെ കുറിച്ച് മറന്ന് പോയിരുന്നെന്നും അദ്ദേഹം പറയുന്നു.

കംപ്യൂട്ടറിലെ കൊലവെറി ഡി എന്ന ഐക്കണ്‍ കണ്ടപ്പോഴാണ് പാട്ടിനെ കുറിച്ച് ഓര്‍മ വന്നതെന്നും ആ സമയത്ത് പാട്ടിത്രയും ഹിറ്റാകുമെന്ന് കരുതിയില്ലെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. ന്യൂസ് 18 നടത്തിയ ഒരു ഇവന്റില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.

‘കൊലവെറി ഡി…ആ ഗാനം ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. എവിടെ പോയാലും പാടാന്‍ പറയും. ആ പാട്ട് ചെയ്തത് രാത്രി വളരെ വൈകിയായിരിന്നു. രാവിലെ എഴുന്നേറ്റപ്പോഴേക്കും ഞങ്ങള്‍ അതിനെ കുറിച്ചുള്ള പലതും മറന്നിട്ടുമുണ്ടായിരുന്നു. അതിന് ശേഷം ഞങ്ങള്‍ കമ്പ്യൂട്ടര്‍ നോക്കിയപ്പോള്‍ അതില്‍ കൊലവെറി ഡി എന്ന് പറഞ്ഞ് ഒരു ഐക്കണ്‍ കിടക്കുന്നുണ്ടായിരുന്നു.

അത് ഓപ്പണ്‍ ആകിയപ്പോഴാണ് ഓ ഞങ്ങള്‍ ഇത് ഉണ്ടാക്കിയതാണല്ലോ എന്ന ഓര്‍മ വരുന്നത്. രാത്രി ആ പാട്ട് ഉണ്ടാക്കിയിട്ട് രാവിലെ ആയപ്പോള്‍ ഞങ്ങള്‍ മറന്ന് പോയതായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്കത് ഭയങ്കര തമാശ ആയിട്ടായിരുന്നു തോന്നിയത്. ആ പാട്ട് ഇത്ര വലിയ സെന്‍സേഷന്‍ ആയി മാറുമെന്ന് ഞങ്ങള്‍ അപ്പോള്‍ ചിന്തിച്ചതേ ഇല്ലായിരുന്നു. ദൈവം നമ്മള്‍ അര്‍ഹാനാണെന്ന് കണ്ടെത്തിയാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ പ്ലാന്‍ ചെയ്യാതെ തന്നെ സംഭവിക്കും,’ ധനുഷ് പറയുന്നു.

Content Highlight: Dhanush says Kolaveri Di still haunts him

We use cookies to give you the best possible experience. Learn more