| Monday, 15th July 2024, 4:42 pm

ആദ്യ സിനിമക്കും അമ്പതാം സിനിമക്കും 'എ' സര്‍ട്ടിഫിക്കറ്റ്, ധനുഷ് ചരിത്രം ആവര്‍ത്തിക്കുമോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരിലൊരാളാണ് ധനുഷ്. 2002ല്‍ അച്ഛന്‍ കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരം 22 വര്‍ഷം കൊണ്ട് ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരിലൊരാളായി മാറി. കരിയറിന്റെ തുടക്കത്തില്‍ കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് തന്റെ പെര്‍ഫോമന്‍സ് കൊണ്ടാണ് താരം മറുപടി നല്‍കിയത്.

കമല്‍ ഹാസന് ശേഷം ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ തമിഴ് നടനായി മാറാന്‍ ചുരുങ്ങിയ കാലം കൊണ്ട് ധനുഷിന് സാധിച്ചു. ഗായകന്‍, ഗാനരചയിതാവ്, നിര്‍മാതാവ്, സംവിധായകന്‍, തിരക്കതാകൃത്ത് എന്നീ മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാന്‍ ധനുഷിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെ 50ാം ചിത്രം റിലീസിനോടടുക്കുകയാണ്.

ധനുഷ് സംവിധാനം ചെയ്യുന്ന രായനില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ധനുഷ് തന്നെയാണ്. താരത്തിന്റെ രണ്ടാമത് സംവിധാന സംരംഭമാണ്. 2017ല്‍ പുറത്തിറങ്ങിയ പവര്‍ പാണ്ടിയാണ് ധനുഷ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പാണ്ടി എന്ന സ്റ്റണ്ട് മാസ്റ്ററുടെ ജീവിതം പറഞ്ഞ സിനിമ ഫീല്‍ ഗുഡ് ഴോണറില്‍ പെടുന്ന ഒന്നായിരുന്നു. എന്നാല്‍ രണ്ടാമത്തെ ചിത്രം രായന്‍ ലോക്കല്‍ ഗ്യാങ്‌സ്റ്റര്‍ ഴോണറിലുള്ള ഒന്നാണ്.

വയലന്‍സിന്റെ അതിപ്രസരം കാരണം സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയത്. ആദ്യ സിനിമക്കും 50ാമത്തെ സിനിമക്കും ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന നടനായി ധനുഷ് മാറി. ഇതിന് പിന്നാലെ സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ധനുഷിന്റെ സിനിമകളെപ്പറ്റി സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ ആരംഭിച്ചു. ഇതുവരെ ധനുഷിന്റെ നാല് സിനിമകള്‍ക്കാണ് സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

തുള്ളുവതോ ഇളമൈ, പുതുപേട്ടൈ, വടചെന്നൈ എന്നിവയാണ് മറ്റ് സിനിമകള്‍. ഇതില്‍ കൗമാര പ്രണയം പറയുന്നതുകൊണ്ടാണ് ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മറ്റ് സിനിമകള്‍ക്കാകട്ടെ, വയലന്‍സിന്റെ അതിപ്രസരം ഉള്ളതിനാല്‍ കൊച്ചുകുട്ടികള്‍ കാണാന്‍ പാടില്ലെന്നുള്ളതുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കി.

22ാം വയസില്‍ കൊക്കി കുമാര്‍ എന്ന ലോക്കല്‍ ഗ്യാങ്സ്റ്ററായി ധനുഷ് പുതുപേട്ടൈയില്‍ ചെയ്തുവെച്ച പെര്‍ഫോമന്‍സ് വാക്കുകള്‍ക്കതീതമാണ്. തമിഴില്‍ ഇന്നും മറ്റൊരു യുവനടന് കൊക്കി കുമാറിനെ പോലൊരു കഥാപാത്രം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈയിലെ സാധാരണ ജനങ്ങളുടെ കഥ പറഞ്ഞ വെട്രിമാരന്‍ ചിത്രം വടചെന്നൈയിലും ഗംഭീര പെര്‍ഫോമന്‍സാണ് ധനുഷ് കാഴ്ചവെച്ചത്.

മൂന്ന് കാലഘട്ടത്തില്‍ മൂന്ന് ഗെറ്റപ്പിലാണ് താരം സിനിമയില്‍ അഭിനയിച്ചത്. ചിത്രത്തിലെ അന്‍പ് എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒന്നാണ്. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വയലന്‍സ് നിറഞ്ഞ മറ്റൊരു ധനുഷ് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ താരത്തിന്റെ മറ്റൊരു ബെഞ്ച്മാര്‍ക്ക് പെര്‍ഫോമന്‍സാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Dhanush’s 50th movie Raayan got A certificate by censor board

We use cookies to give you the best possible experience. Learn more