| Monday, 25th July 2022, 11:44 pm

തമിഴ് ഫ്രണ്ട് എന്ന് പറയുന്നത് അത്യാവശമുള്ള കാര്യമൊന്നുമല്ല, അനാവശ്യവുമല്ല, സൗത്ത് ഇന്ത്യന്‍ ആക്റ്റര്‍ എന്ന് വിളിക്കുന്നത് ഒഴിവാക്കുക: ധനുഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്നെ സൗത്ത് ഇന്ത്യന്‍ ആക്റ്റര്‍ എന്ന് വിളിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് ധനുഷ്. എല്ലാവരും ഇന്ത്യന്‍ താരങ്ങളാണെന്നും ഭാഷക്കപ്പുറം ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയെ വളര്‍ത്തേണ്ട സമയമാണ് ഇതെന്നും ദി ഗ്രേ മാന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ ധനുഷ് പറഞ്ഞു.

‘ദി ഗ്രേ മാനില്‍ ഇന്ത്യയില്‍ നിന്നുള്ള തമിഴ് ഫ്രണ്ട് എന്ന് പറയുന്നത് അത്യാവശമുള്ള കാര്യമൊന്നുമല്ല. എന്നാല്‍ അത് അനാവശ്യവുമല്ല. അപ്പോള്‍ കുറച്ച് കൂടി ഡീറ്റെയ്ല്‍സ് ആളുകള്‍ക്ക് കിട്ടും. കുറച്ച് കൂടി ഫ്‌ളേവര്‍ നല്‍കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. അതില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയിട്ടില്ല.

എന്നാല്‍ സൗത്ത് ആക്‌റ്റേഴ്‌സ് നോര്‍ത്ത് ആക്‌റ്റേഴ്‌സ് എന്ന് വിളിക്കാതെ ഇന്ത്യന്‍ ആക്‌റ്റേഴ്‌സ് എന്ന് വിളിക്കുന്നതിലാണ് താല്‍പര്യം. അതിരുകള്‍ക്കപ്പുറം നമ്മുടെ ഇന്‍ഡസ്ട്രി വളര്‍ത്തേണ്ട സമയമാണിത്. എല്ലാവര്‍ക്കും വേണ്ടിയാണ് സിനിമ നിര്‍മിക്കുന്നത്. നോര്‍ത്തിന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയോ സൗത്ത് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയോ അല്ല. ഇന്ത്യക്ക് വേണ്ടിയാണ്.

ഡിജിറ്റള്‍ പ്ലാറ്റ്‌ഫോമുകളിലൂടെ എല്ലാവരുടെയും സിനിമ ഇപ്പോള്‍ നമുക്ക് കാണാന്‍ കഴിയും. തെന്നിന്ത്യന്‍ താരമെന്ന് എന്നെ വിശേഷിപ്പിക്കുന്നതില്‍ ഒരു കാര്യവുമില്ല. ഇന്ത്യയില്‍ നിന്നുള്ള താരങ്ങളാണ് ഞങ്ങള്‍ എല്ലാവരും,’ ധനുഷ് പറഞ്ഞു.

റൂസോ ബ്രദേഴ്‌സിന്റെ സംവിധാനത്തിലെത്തിയ ദി ഗ്രേ മാനാണ് ധനുഷിന്റെ ഏറ്റവും പുതിയ ചിത്രം. റയാന്‍ ഗോസ്ലിങ് നായകനായ ദി ഗ്രേ മാന്‍ ജൂലൈ 22നാണ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dhanush is not interested in being called a South Indian actor

We use cookies to give you the best possible experience. Learn more