| Wednesday, 7th December 2022, 5:16 pm

ഇന്ത്യ പിടിച്ചടുക്കി ധനുഷ് ഒന്നാം സ്ഥാനത്ത്; ആദ്യ പത്തിലും സൗത്ത് ഇന്ത്യന്‍ താരപ്പൂരം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2022ലെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സിനിമാതാരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി ധനുഷ്. ഐ.എം.ഡി.ബി പുറത്തുവിട്ട പട്ടികയിലാണ് ധനുഷ് മുന്നിലെത്തിയിരിക്കുന്നത്.

ദ ഗ്രേ മാന്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ധനുഷ് ആഗോളതലത്തില്‍ തന്നെ ഏറെ ശ്രദ്ധ നേടിയ വര്‍ഷമായിരുന്നു 2022. ഇതിനൊപ്പം തിരുച്ചിത്തിരമ്പലത്തിന്റെ വമ്പന്‍ ഹിറ്റിലൂടെ തമിഴ് മാര്‍ക്കറ്റിലും ധനുഷ് നിറഞ്ഞുനിന്നിരുന്നു.

ആലിയ ഭട്ടിനെയും ഐശ്വര്യ റായിയെയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് ധനുഷ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ ആറും സൗത്ത് ഇന്ത്യന്‍ താരങ്ങളാണ് എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ പട്ടികക്കുണ്ട്. രാം ചരണ്‍, സാമന്ത, ജൂനിയര്‍ എന്‍.ടി.ആര്‍, അല്ലു അര്‍ജുന്‍, യഷ് എന്നിവരാണ് പത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഐശ്വര്യ റായിക്ക് പിന്നാലെ നാലും അഞ്ചും സ്ഥാനങ്ങളിലാണ് രാം ചരണും സാമന്തയും എത്തിയിരിക്കുന്നത്. ആറാം സ്ഥാനത്തുള്ള ഹൃത്വിക് റോഷനാണ് ബോളിവുഡില്‍ നിന്നുമുള്ള ഈ ലിസ്റ്റിലെ ആദ്യ നടന്‍. കിയാര അദ്വാനിയാണ് ഏഴാം സ്ഥാനത്തുള്ളത്. ജൂനിയര്‍ എന്‍.ടി.ആര്‍ എട്ടാം സ്ഥാനത്തും അല്ലു അര്‍ജുനും യഷും അവസാന സ്ഥാനങ്ങളിലുമാണ്.

ഈയടുത്ത വര്‍ഷങ്ങളിലായി ഇന്ത്യന്‍ സിനിമയില്‍ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ നേടിയ സ്വീകാര്യത തന്നെയാണ് ഐ.എം.ഡി.ബി പട്ടികയിലും പ്രതിഫലിക്കുന്നത്. കാന്താരയും കെ.ജി.എഫും തുടങ്ങി വിവിധ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചപ്പോള്‍, മറ്റ് പല സിനിമകളും ഒ.ടി.ടിയിലൂടെ വലിയ തോതില്‍ പ്രേക്ഷകരെ സമ്പാദിച്ചിരുന്നു.

തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങിയ ബോളിവുഡ് തിയേറ്ററുകളിലേക്ക് ജനങ്ങളെ തിരിച്ചെത്തിക്കുന്നതില്‍ പോലും മൊഴിമാറ്റിയെത്തിയ ദക്ഷിണേന്ത്യന്‍ സിനിമകള്‍ വലിയ പങ്കാണ് വഹിച്ചത്. ഇന്ത്യന്‍ സിനിമയെന്നാല്‍ ബോളിവുഡ് എന്ന് പറഞ്ഞിരുന്നിടത്ത് നിന്നും പ്രേക്ഷകരും ഇന്‍ഡസ്ട്രികളും നിരൂപകരുമെല്ലാം അതിവേഗം മാറിചിന്തിച്ചതും 2022ന്റെ പ്രത്യേകതയായിരുന്നു.

Content Highlight: Dhanush becomes the first in the list of most popular Indian stars in 2022 list published by IMdb

We use cookies to give you the best possible experience. Learn more