വാത്തി സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടയില്‍ നടന്ന ധനുഷിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ കാമുകിയെ കാണാന്‍ ട്യൂഷന്‍ ക്ലാസില്‍ പോയതും അധ്യാപകന്‍ അപമാനിച്ചതുമാണ് പ്രസംഗത്തിനിടയില്‍ ധനുഷ് പറഞ്ഞത്.
‘സ്‌കൂള്‍ ലൈഫില്‍ ഒരു സംഭവം നടന്നിട്ടുണ്ട്. ഞാനൊരു ട്യൂഷന്‍ ക്ലാസില്‍ ചേര്‍ന്നു, പഠിക്കാന്‍ പോയതല്ല, അവിടെയാണ് എന്റെ ഗേള്‍ഫ്രണ്ട് പഠിച്ചിരുന്നത്. അവളുടെ കൂടെ സമയം ചിലവഴിക്കാനാണ് അവിടെ ചേര്‍ന്നത്. ഒരു പത്തു ദിവസം ട്യൂഷന് പോയി. സാര്‍ എന്നും ചോദ്യങ്ങള്‍ ചോദിച്ച് എഴുന്നേല്‍പ്പിച്ച് നിര്‍ത്തും. എല്ലാവരുടെയും മുന്നില്‍ ഞാന്‍ നാണംകെട്ടു. ഇത് ശരിയാവില്ലെന്ന് മനസിലാക്കി ട്യൂഷന് പോകുന്നത് നിര്‍ത്തി.
അതിന് ശേഷം ട്യൂഷന്‍ ക്ലാസിന് പുറത്ത് നില്‍ക്കാന്‍ തുടങ്ങി. അകത്തിരിക്കുന്ന അവള്‍ക്ക് മനസിലാവണം ഞാന്‍ പുറത്തുണ്ടെന്ന്. എന്റെ യമഹ ബൈക്കില്‍ നല്ല സൗണ്ടുള്ള ഹോണ്‍ ഉണ്ടായിരുന്നു. എപ്പോഴൊക്കെ അതിലൂടെ പോകുന്നോ അപ്പോഴൊക്കെ ഉള്ളിലിരിക്കുന്ന ആള്‍ക്ക് സിഗ്‌നല്‍ ആയി ആ ഹോണ്‍ അടിക്കുമായിരുന്നു. അപ്പോള്‍ അവള്‍ക്ക് മനസിലാവും ഞാന്‍ പുറത്ത് വെയ്റ്റ് ചെയ്യുകയാണെന്ന്.
കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഈ ഹോണ്‍ അടിക്കുന്നത് അകത്തിരിക്കുന്ന ആര്‍ക്കോ ഉള്ള സിഗ്‌നല്‍ ആണെന്ന് സാറിന് മനസിലായി. നിങ്ങള്‍ ഇപ്പോള്‍ ക്ലാസിലിരുന്ന് പഠിക്കുകയല്ലേ, നിങ്ങള്‍ എല്ലാം പഠിച്ചു പാസായി ഡിഗ്രി വാങ്ങി നല്ല നിലയില്‍ എത്തും, പുറത്തൊരുത്തന്‍ ഹോണ്‍ അടിച്ചു കറങ്ങുന്നത് കണ്ടില്ലേ, അവന്‍ തെരുവില്‍ കൂത്താടാന്‍ പോകുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഏതു നേരത്താണിത് പറഞ്ഞതെന്നറിയില്ല. ഇന്ന് ഞാന്‍ കൂത്താടാത്ത തെരുവേ തമിഴ്‌നാട്ടില്‍ ഇല്ല,’ ധനുഷ് പറഞ്ഞു. വലിയ കയ്യടിയും ആരവങ്ങളുമാണ് ധനുഷിന് ലഭിച്ചത്.
വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത വാത്തി ഫെബ്രുവരി 17നാണ് റിലീസ് ചെയ്തത്. സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തിയത്.
Content Highlight: dhanush about an experience in his school life