19 കിലോ കഞ്ചാവും ഭാംഗും എലികള്‍ കഴിച്ച് നശിപ്പിച്ചെന്ന് പൊലീസ് കോടതിയില്‍
national news
19 കിലോ കഞ്ചാവും ഭാംഗും എലികള്‍ കഴിച്ച് നശിപ്പിച്ചെന്ന് പൊലീസ് കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th April 2024, 9:45 am

ധന്‍ബാദ്: പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത് പൊലീസ് ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 10 കിലോ കഞ്ചാവും ഒമ്പത് കിലോ ഭാംഗും എലികള്‍ കഴിച്ചു നശിപ്പിച്ചെന്ന് ജാര്‍ഖണ്ഡിലെ ധാന്‍ബാദ് പൊലീസ് കോടതിയില്‍. 2018ല്‍ പൊലീസ് പിടിച്ചെടുത്ത് സൂക്ഷിച്ച കഞ്ചാവും ഭാംഗുമാണ് എലികള്‍ ഭക്ഷിച്ചതെന്ന് പൊലീസ് കോടതിയോട് പറഞ്ഞു. കഞ്ചാവ് കൈവശം വെച്ചതിന് ശംഭു അഗര്‍വാള്‍ എന്ന വ്യക്തിയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കിടെ, പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് കോടതി ജഡ്ജി രാം ശര്‍മ, കണ്ടുകെട്ടിയ വസ്തുക്കള്‍ കാണിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജയപ്രകാശ് പ്രസാദിനോട് നിര്‍ദ്ദേശിച്ചു.

എന്നാല്‍, കോടതി ഉത്തരവിട്ടിട്ടും വസ്തു ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. തൊണ്ടിമുതല്‍ എലികള്‍ ഭക്ഷിച്ച് നശിപ്പിച്ചെന്ന് പൊലീസ് കോടതിയില്‍ ബോധിപ്പിച്ചു. ഏപ്രില്‍ ആറിനാണ് പിടിച്ചെടുത്ത വസ്തുക്കള്‍ എലികള്‍ നശിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

അതേസമയം, തന്റെ കക്ഷിയെ കുടുക്കാന്‍ ഈ കേസ് വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് ശംഭുവിന്റെയും മകന്റെയും അഭിഭാഷകന്‍ ഇന്ത്യ ടുഡേ ടിവിയോട് പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കളുടെ അടിസ്ഥാനത്തിലാണ് നിയമം അതിന്റെ വഴിക്ക് നീങ്ങുന്നതെന്ന് പറഞ്ഞ അഭിഭാഷകന്‍ അഭയ് ഭട്ട്, എന്തുകൊണ്ടാണ് പൊലീസിന് കണ്ടുകെട്ടിയ വസ്തുക്കള്‍ ഹാജരാക്കാന്‍ കഴിയാത്തതെന്ന് ചോദ്യം ചെയ്തു. സംഭവത്തില്‍ ധന്‍ബാദ് പൊലീസ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Content Highlight: Dhanbad police saying that 19 kilo Marijuana eaten by rats