ജാര്‍ഖണ്ഡില്‍ ജഡ്ജിയെ കൊലപ്പെടുത്തിയ കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ വൈകി; പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
national news
ജാര്‍ഖണ്ഡില്‍ ജഡ്ജിയെ കൊലപ്പെടുത്തിയ കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ വൈകി; പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st August 2021, 6:55 pm

റാഞ്ചി: ജാര്‍ഖണ്ഡ് ജഡ്ജിയെ കൊലപ്പെടുത്തിയ കേസില്‍ എഫ്.ഐ.ആര്‍ ഇടാന്‍ നേരം വൈകിയതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പതാര്‍ദ്ദി പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉമേഷ് മാഞ്ചിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

ധന്‍ബാദ് എസ്.എസ്.പി സഞ്ചീവ് കുമാര്‍ ആണ് ഉമേഷ് മാഞ്ചിയുടെ സസ്‌പെന്‍ഷന്‍ സ്ഥിരീകരിച്ചത്.

ജഡ്ജിയുടെ മരണത്തില്‍ അന്വേഷണം നടത്തുന്നതിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനമോടിക്കുമ്പോള്‍ മദ്യപിച്ചിരുന്നെന്നാണ് ഇവര്‍ പൊലീസിന് നല്‍കുന്ന മൊഴി.

പ്രഭാതസവാരിക്കിടെയാണ് ജാര്‍ഖണ്ഡില്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ചത്. വീടിന് അര കിലോമീറ്റര്‍ അകലെയായി അദ്ദേഹത്തെ അജ്ഞാത വാഹനമിടിച്ചെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്.

രാവിലെ അഞ്ച് മണിക്ക് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. അപകടം നടന്ന ശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ആ സമയത്ത് മറ്റുവാഹനങ്ങളൊന്നും റോഡിലുണ്ടായിരുന്നില്ല. പിറകില്‍ നിന്ന് വന്ന ഓട്ടോറിക്ഷ ജഡ്ജിയുടെ നേരെ നീങ്ങുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ അദ്ദേഹത്തിന്റെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രിയില്‍ സൂക്ഷിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dhanbad judge death case: Pathardih police station officer suspended for not registering FIR on time