മുംബൈ: മഹാരാഷ്ട്രയില്‍ ശരത് പവാറിന് വീണ്ടും പിന്തുണ അറിയിച്ച് എന്‍.സി.പി നേതാവായ ധനഞ്ജയ് മുണ്ടെ. ‘ഞാന്‍ പാര്‍ട്ടിയോടൊപ്പമാണ്. ഞാന്‍ പവാര്‍ സാഹിബിനൊപ്പമാണ്. ദയവുചെയ്ത് കിംവദന്തികള്‍ പ്രചരിപ്പിക്കരുത്.’, മുണ്ടെ ട്വീറ്റ് ചെയ്തു.
ബി.ജെ.പി കുടുംബത്തില്‍ നിന്നുള്ള നേതാവായതിനാല്‍ ധനഞ്ജയ് മുണ്ടെക്കെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിനെ മുണ്ടെ സഹായിച്ചുവെന്നും അജിത്ത് പവാറിനെ ബി.ജെ.പി ക്യാംപിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചത് മുണ്ടെ ആണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഈ സംഭവ വികാസങ്ങള്‍ക്ക് ശേഷം ശരത് പവാര്‍ വിളിച്ച യോഗത്തില്‍ മുണ്ടെ പങ്കെടുത്തിരുന്നു.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ. മുണ്ടെ കുടുംബത്തിന്റെ ശക്തികേന്ദ്രമായ പാര്‍ലിയില്‍ ഗോപിനാഥ് മുണ്ടെ തന്റെ മകള്‍ പങ്കജയെ രംഗത്തിറക്കിയതോടെ ധനഞ്ജയ് ബി.ജെ.പി വിട്ട് എന്‍.സി.പിയില്‍ ചേരുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കജയെ പരാജയപ്പെടുത്തിയാണ് ധനഞ്ജയ് എം.എല്‍.എയായത്.
അതേസമയം, മുംബൈയിലെ റെനൈസന്‍സ് ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന എന്‍.സി.പി എം.എല്‍.എമാരെ ഹയാത്ത് ഹോട്ടലിലേക്ക് മാറ്റുകയാണ്. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഹോട്ടല്‍ മാറ്റമെന്നാണ് വിവരം.
ഹോട്ടലിനുള്ളില്‍ മഫ്തിയിലെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ എന്‍.സി.പി എം.എല്‍.എമാര്‍ പിടികൂടിയിരുന്നു. ഇയാള്‍ ബി.ജെ.പിയുടെ ചാരനാണെന്നാണ് എന്‍.സി.പി എം.എല്‍.എമാരുടെ ആരോപണം.
നേരത്തെ ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, സഞ്ജയ് റാവത്ത്, ആദിത്യ താക്കറെ എന്നിവര്‍ റെനൈസന്‍സ് ഹോട്ടലിലെത്തി എന്‍.സി.പി നേതാക്കളെ കണ്ടിരുന്നു. എം.എല്‍.എമാരുടെ യോഗത്തില്‍ ശിവസേന നേതാക്കളും പങ്കെടുത്തിരുന്നു.
അതേസമയം, ദേവേന്ദ്ര ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍.സി.പി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹരജി പരിഗണിക്കുന്ന കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്. നാളെ 10:30 നാണ് കേസ് പരിഗണിക്കുക.
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഏകദേശം ഒരു മാസക്കാലത്തോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍.സി.പി നേതാവ് അജിത്ത് പവാറിന്റെ പിന്തുണയോടെയായിരുന്നു സത്യപ്രതിജ്ഞ. അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു.