നിക്ഷേപകരെയും ജീവനക്കാരെയും വഞ്ചിച്ച് ധനകോടി ചിറ്റ്‌സ്; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാനുള്ളത് നൂറിലധികം പേര്‍ക്ക്
Kerala News
നിക്ഷേപകരെയും ജീവനക്കാരെയും വഞ്ചിച്ച് ധനകോടി ചിറ്റ്‌സ്; കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാനുള്ളത് നൂറിലധികം പേര്‍ക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd May 2023, 11:44 pm

കോഴിക്കോട്: വയനാട് സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്‌സ് എന്ന ചിട്ടിക്കമ്പനി നിക്ഷേപകരെയും ജീവനക്കാരെയും വഞ്ചിച്ചതായി പരാതി. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ചിട്ടിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്കാണ് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപിച്ച പണം തിരികെ ലഭിക്കാനുള്ളത്. കമ്പനി നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ പണമില്ലെന്ന കാരണത്താല്‍ മടങ്ങുകയും ചെയ്തിട്ടുണ്ട്.

നിലവില്‍ ധനകോടി ചിറ്റ്‌സിന്റെ സംസ്ഥാനത്തെ മുഴുവന്‍ ബ്രാഞ്ചുകളും പൂട്ടിക്കിടക്കുകയാണ്. മാസങ്ങളായി ശമ്പളം ലഭിക്കാതെ കമ്പനി ഉടമകള്‍ തങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്ന് ജീവനക്കാരും പരാതി പറയുന്നു. പലയിടത്തും ബ്രാഞ്ചുകള്‍ തുറക്കാതായതോടെ നിക്ഷേപകര്‍ കളക്ഷന്‍ ഏജന്റുമാരടക്കമുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും പിടിച്ചുവെക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കളെ ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് കളക്ഷന്‍ ഏജന്റുമാരടക്കമുള്ള ജീവനക്കാര്‍.

എന്നാല്‍ തങ്ങളും കമ്പനി ഉടമകളാല്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് ജീവനക്കാര്‍ പറയുന്നത്. മാസങ്ങളായി തങ്ങളുടെ ശമ്പളമടക്കം കുടിശ്ശികയാണെന്നും, ഉടമകളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ജീവനക്കാര്‍ പറയുന്നു.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകളിലായി 22 ബ്രാഞ്ചുകളാണ് സംസ്ഥാനത്താകെ ധനകോടി ചിറ്റ്‌സിനുള്ളത്. ഇവയെല്ലാം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ ജോലി ചെയ്തിരുന്ന 140 ജീവനക്കാരും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. സുല്‍ത്താന്‍ ബത്തേരിയിലെ ഹെഡ് ഓഫീസ് നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പൊലീസാണ് പൂട്ടിയത്. ആറംഗ ഡയറക്ടര്‍ ബോര്‍ഡിലുള്ള ആരുമായും ഇപ്പോള്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ജീവനക്കാരും നിക്ഷേപകരും പറയുന്നു. ഡയറക്ടര്‍മാരുടെ വീടുകളില്‍ പോയി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

വിവിധ പൊലീസ് സ്റ്റേഷനുകളിലും ജില്ല കളക്ടര്‍ക്കും മുഖ്യമന്ത്രിക്കുമെല്ലാം പരാതി നല്‍കിയെങ്കിലും ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനുകളില്‍ നല്‍കിയ ചില പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികളൊന്നു ഉണ്ടായിട്ടില്ല.

content highlights: Dhanakodi chits by defrauding investors and employees