കെ.ജി.എഫ് ചാപ്റ്റര്‍ ടു തരംഗത്തിന് ശേഷം രണ്ട് ഹിന്ദി ചിത്രങ്ങള്‍ പരസ്പരം തിയേറ്ററില്‍ ഏറ്റുമുട്ടിയ ദിവസമായിരുന്നു മെയ് 20. കാര്‍ത്തിക് ആര്യന്‍ ലീഡ് റോളിലെത്തിയ ബൂല്‍ ബുലയ്യ ടുവും കങ്കണ റണൗട്ട് നായികയായ ധാക്കഡുമായിരുന്നു ഈ ചിത്രങ്ങള്‍.
ബൂല്‍ ബുലയ്യ പ്രേക്ഷകരെ കയ്യിലെടുത്ത് മുന്നേറുമ്പോള്‍ ധാക്കഡ് തിയേറ്റര്‍ ഡിസാസ്റ്ററിലേക്ക് കുതിക്കുകയാണ്. ആദ്യദിവസം ധാക്കഡിന് പ്രേക്ഷകരുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ കാലിയാവുന്ന കാഴ്ചയായിരുന്നു. കാണികള്‍ ഇല്ലാതായതോടെ ധാക്കഡ് പിന്‍വലിച്ച് പകരം ബൂല്‍ ബുലയ്യ പ്രദര്‍ശിപ്പിക്കുകയാണ് തിയേറ്ററുകള്‍. മള്‍ട്ടി പ്ലക്‌സ് തിയേറ്ററുകളും ധാക്കഡ് ഒഴിവാക്കുകയാണ്.
അതേസമയം കാര്‍ത്തിക് ആര്യന്റെ ബൂല്‍ ബുലയ്യ ടു തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുകയാണ്. റിലീസ് ദിനത്തില്‍ 14.11 കോടിയാണ് ചിത്രം നേടിയത്. വാരാന്ത്യത്തില്‍ 50 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം.
കിയാര അദ്വാനി നായികയായ ചിത്രത്തില്‍ തബു, രാജ്പാല്‍ യാദവ്, പരേഷ്, അഗദ് ബേഡി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആകാശ് കൗശിക് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭൂഷണ്‍ കുമാര്‍, മുറാദ് ഖേതാനി, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.
മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായി 2007 ല്‍ പുറത്ത് വന്ന ബൂല്‍ ബുലയ്യയുടെ രണ്ടാം ഭാഗമാണ് 2022 ല്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തിയത്.
Content Highlight: Dhakad has withdrawn due to poor perfomanace and is being replaced by Bhool Bulaiyya in theaters