ധാക്ക: ധാക്ക ആക്രമണത്തില്‍ രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും കൂട്ടുകാര്‍ക്കൊപ്പം നിന്ന് മരണം ഏറ്റുവാങ്ങിയ ഫറാസിന്റെ ധീരതയ്ക്കു പിന്നാലെ ഇതാ മറ്റൊരു കഥകൂടി.
ധാക്ക ആക്രമണത്തില്‍ തീവ്രവാദികളുടെ കല്‍പ്പനകളെ തള്ളി സ്വന്തം ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മരണത്തെ വരിച്ച ഇഷ്രത്ത് അഖോന്‍ഡ് എന്ന ബംഗ്ലാദേശി യുവതിയുടെ കഥ.
വിദേശികളെ ലക്ഷ്യം വെച്ചായിരുന്നു ധാക്കയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണം. ആക്രമണത്തിനിടെ ഭീകരര്‍ ഇഷ്രത്തിനോട് ഹിജാബ് ധരിക്കാനും ഖുര്‍ ആനിലെ സൂക്തങ്ങള്‍ ഉരുവിടാനും കല്‍പ്പിക്കുകയായിരുന്നെന്ന് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് മുസ്‌ലിങ്ങള്‍ തീവ്രവാദികളെ അനുസരിച്ച് സ്വന്തം ജീവന്‍ രക്ഷിച്ചെങ്കിലും ഇഷ്രത്ത് ഇതനുസരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭീകരര്‍ ഇഷ്രത്തിനെ വധിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ വസ്ത്ര നിര്‍മ്മാണ കമ്പനികളിലൊന്നായ സെഡ്.എക്‌സ്.വൈ ഇന്റര്‍നാഷണലിന്റെ എച്ച്.ആര്‍ വിഭാഗം ഡയറക്ടറായിരുന്നു 45കാരിയായ ഇഷ്രത്ത്. ഒരു ദുരന്തമായ ആ രാത്രിയില്‍ രണ്ട് ഇറ്റാലിയന്‍ ഡിസൈനേഴ്‌സിനൊപ്പം രാത്രിഭക്ഷണം കഴിക്കാനിറങ്ങിയതായിരുന്നു അവര്‍.
ബംഗ്ലാദേശ്-ജര്‍മ്മനി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് എന്ന ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര കാര്യങ്ങളില്‍ സഹായിക്കുന്ന സംഘടനയില്‍ അംഗമായ ഇഷ്രത്ത് അതിന്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഞങ്ങളുടെ സംഘടനയിലെ വിലമതിക്കാനാവാത്ത അംഗമായിരുന്നു അവര്‍, കലയോടായിരുന്നു അവരുടെ യഥാര്‍ത്ഥ സ്‌നേഹം, നിരവധി യുവകാലാകരന്‍മാരെ അവര്‍ സ്ഥിരമായി പോത്സാഹിപ്പിച്ചിരുന്നു. ഇടപെടാനും പ്രവര്‍ത്തിക്കാനും താല്‍പ്പര്യമുണ്ടായിരുന്നു വിവിധ പ്രശ്‌നങ്ങളെപ്പറ്റി ഇഷ്രത്തും താനും ചര്‍ച്ച ചെയ്തിരുന്നതായും സംഘടനയുടെ വക്താവ് പറഞ്ഞു.
ഗുല്‍ഷാനിലുള്ള ഇഷ്രത്തിന്റെ ഫ്‌ളാറ്റിലെ ചുവരുകളും മറ്റും അതിസുന്ദരമായ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ്. ഇഷ്രത്തിന്റെ ശക്തമായ നിലപാടുകള്‍ അവരുടെ പ്രവൃത്തികളിലും കാണാമായിരുന്നു. തന്റെ കമ്പനിയിലെ ബാലവേല നിര്‍ത്തലാക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ച അവര്‍ 2014ല്‍ ഇക്കാര്യത്തില്‍ വിജയം കണ്ടു.
കുട്ടികളെ ഫാക്ടറിയില്‍ നിന്നും പുറത്തെത്തിക്കാനുള്ള ഇഷ്രത്തിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു അത്. യുനിസെഫുമായും മറ്റനേകം എന്‍.ജി.ഒകളുമായും സഹകരിച്ചിരുന്ന അവര്‍ കുട്ടികളുടെ പുനരധിവാസവും വിദ്യാഭ്യാസവും ഉറപ്പുവരുത്തിയിരുന്നെന്നും ഇഷ്രത്തിന്റെ അടുത്ത സുഹൃത്തും കൊല്‍ക്കത്ത ഐ.ഐ.എമ്മിലെ ഗസ്റ്റ് ഫാക്കല്‍റ്റിയുമായ പ്രൊഫ. അലോക് കുമാര്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ധാക്കയിലെ റെസ്റ്റോറന്റില്‍ എത്തിയ ഭീകരര്‍ വിദേശികളെ തിരഞ്ഞുപിടിച്ച് വധിച്ചത്. കൊല്ലപ്പെട്ട 20 പേരില്‍ 18 പേരും വിദേശികളായിരുന്നു.