'പൊലീസിന് ഉപദേഷ്ടാവ് ഇല്ല'; രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെയെന്നും ഡി.ജി.പി ടി.പി സെന്‍കുമാര്‍
Kerala
'പൊലീസിന് ഉപദേഷ്ടാവ് ഇല്ല'; രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെയെന്നും ഡി.ജി.പി ടി.പി സെന്‍കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th May 2017, 7:14 pm

തിരുവനന്തപുരം: കേരള പൊലീസിന് ഉപദേഷ്ടാവ് ഇല്ലെന്ന് ഡി.ജി.പിയായി വീണ്ടും ചുമതലയേറ്റ ടി.പി. സെന്‍കുമാര്‍ ഐ.പി.എസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രി പിണറിയി വിജയനെ ഉപദേശം നല്‍കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഇന്ന് വൈകീട്ട് 04:30-നാണ് ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി സെന്‍കുമാര്‍ വീണ്ടും ചുമതലയേറ്റത്. 11 മാസം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് സെന്‍കുമാര്‍ വീണ്ടും ഡി.ജി.പി സ്ഥാനത്തെത്തുന്നത്.

സര്‍ക്കാറുമായി ഏറ്റുമുട്ടലുണ്ടാകില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ചുമതലയേറ്റതെന്നും അദ്ദേഹം പറഞ്ഞു. പദവി ഏറ്റെടുത്തതിന് ശേഷം സെന്‍കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.


Also Read: ചെഗുവേരയും ഭാരതവുമായി എന്താണ് ബന്ധമെന്ന് ഫേസ്ബുക്കില്‍ ചോദിച്ച കെ.എസ്.യു പ്രവര്‍ത്തകയ്ക്ക് അസഭ്യവര്‍ഷം


നല്ല കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തന്റെ ആഗ്രഹവും അത് തന്നെയാണ്. താഴെയുള്ള ഓഫീസര്‍മാരെ തനിക്ക് നന്നായി അറിയാം. അവര്‍ എങ്ങനെ പെരുമാറുമെന്നും അറിയാം. റേഞ്ച് യോഗങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കും.

തന്റെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വിഘാതമാകില്ല. ഡി.വൈ.എസ്.പിമാരെ മാറ്റാന്‍ സര്‍ക്കാറിന് അധികാരമുണ്ട്. അതില്‍ ബേജാറാകേണ്ട കാര്യമില്ല. സ്ത്രീസുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു.

സര്‍ക്കാറിനും ജനങ്ങള്‍ക്കും വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുക എന്നതിനാണ് തന്റെ മുന്‍ഗണന. നഗരങ്ങളില്‍ കൂടുതല്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തന്റെ നിയമ പോരാട്ടത്തെ സംബന്ധിച്ചും അതിന്റെ തുടര്‍ച്ചയെസംബന്ധിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും അദ്ദേഹം മറുപടി നല്‍കിയില്ല. അതൊന്നും പറയാനുള്ള സമയമല്ല ഇതെന്നാണ് അദ്ദേഹം പറഞ്ഞത്.