കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘനത്തിന് ആളുകളെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയോട് വിശദീകരണം ചോദിച്ച് ഡി.ജി.പി ലോക് നാഥ് ബെഹ്‌റ.
നടപടിയുടെ സാഹചര്യം വ്യക്തമാക്കണമെന്നും നിയമപരമായ നടപടികളേ പാടുള്ളൂവെന്നും ഡി.ജി.പി യതീഷ് ചന്ദ്രയെ അറിയിച്ചു.ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ലോക്ഡൗണിന്റെ ഭാഗമായുള്ള പരിശോധനയിലായിരുന്നു യതീഷ് ചന്ദ്രയും സംഘവും.വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അഴീക്കലില്‍ 11 മണിയോടെ എത്തിയപ്പോള്‍ ഒരു കടയ്ക്ക് മുന്‍പില്‍ നിരവധി പേര്‍ കൂട്ടംകൂടി ഇരിക്കുന്നതുകണ്ടു.
യതീഷ് ചന്ദ്ര വാഹനത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതോടെ അവിടെയുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെട്ടു. എന്നാല്‍ പ്രായമായ കുറച്ചുപേര്‍ അവിടെ തന്നെ നിന്നു.
ഇതോടെ ഇവരോട് ലോക്ഡൗണ്‍ ആണെന്ന് നിങ്ങള്‍ക്കറിയില്ലേയെന്നും എന്തുകൊണ്ടാണ് സഹകരിക്കാത്തതെന്നും ചോദിച്ച് ഏത്തമിടീക്കുകയായിരുന്നു യതീഷ് ചന്ദ്ര. ആളുകളെ കൊണ്ട് എസ്.പി ഏത്തമിടീക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
എന്നാല്‍ സദുദ്ദേശത്തോടെയാണ് താന്‍ ഈ കാര്യങ്ങള്‍ ചെയ്തതെന്നും നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് ഇത്തരത്തിലുള്ള ചെറിയ ശിക്ഷ നല്‍കിയതെന്നുമാണ് യതീഷ് ചന്ദ്രയുടെ വിശദീകരണം. ബോധവത്ക്കരണത്തിന് വേണ്ടിയാണ് താന്‍ ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനം ഉയരുന്നിരുന്നു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള യാതൊരു നടപടികളും പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെയും ഇത്തരത്തിലുള്ള സമീപനം പൊലീസ് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്.
DoolNews Video