തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പ്രചരണം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവിട്ടു. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് നടപടി.
ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല. മാധ്യമ പ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എം.ജി കമലേഷിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അധിക്ഷേപ പ്രചരണം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച് അറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. അനാരോഗ്യകരമായ സംവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. താന്‍ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.