| Wednesday, 5th April 2017, 10:34 am

ഡി.ജി.പി ആസ്ഥാനത്ത് പൊലീസ് അതിക്രമം: ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡില്‍ വലിച്ചിഴച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്ത് അമ്മ മഹിജയും കുടുംബവും നടത്താനിരുന്ന അനിശ്ചിതകാല നിരാഹാര സമരം പൊലീസ് തടഞ്ഞു.

നിങ്ങള്‍ക്ക് വേണമെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്‍പില്‍ പോയി സമരം നടത്താമെന്നും പൊലീസ് ആസ്ഥാനത്ത് മുന്‍പില്‍ സമരം നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞാണ് പൊലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നത്.

മഹിജയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പൊലീസ് ഇവരെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. നിലത്ത് കിടന്നുകൊണ്ടാണ് മഹിജ പ്രതിഷേധിച്ചെങ്കിലും ഇവരെ വലിച്ചിഴച്ചുകൊണ്ട് വണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു പൊലീസ്.

സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പൊലീസ് ആസ്ഥാനത്തേക്ക് ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് തന്നെ പൊലീസ് കയറുകെട്ടി ഇവരെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. അതിനിടെ മഹിജയെ ഡി.ജി.പി ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ വെറും പ്രഹസനം മാത്രമായ ചര്‍ച്ചയ്ക്ക് തങ്ങളില്ലെന്ന് ഇവര്‍ പറയുന്നു.

തന്നെ മകനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആരൊക്കെയുണ്ടോ അവരെയൊക്കെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് മഹിജയും കുടുംബവും നിരാഹാര സമരത്തിനായി എത്തിയത്.

പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരഹാര സമരം നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞിരുന്നു. ജിഷ്ണുവിനെ സ്‌നേഹിക്കുന്ന എല്ലാവരും തങ്ങളുടെ സമരത്തെ പിന്തുണക്കണമെന്നും മഹിജ ആവശ്യപ്പെട്ടിരുന്നു.

സമരത്തിനായി തലസ്ഥാനത്ത് എത്തിയ കുടുംബം ഇന്നലെ കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഒത്തുകളിയാണെന്ന് ആരോപിച്ചിരുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യ്ത നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷമായിരുന്നു പൊലീസ് വിട്ടയച്ചത്. മുന്‍കൂര്‍ ജാമ്യമുള്ളതിനാലായിരുന്ന കൃഷ്ണദാസിനെ വിട്ടയച്ചത്. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടിയാണിതെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്.

We use cookies to give you the best possible experience. Learn more