ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: നിയമനം മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫീസിലേക്കെന്ന് റിപ്പോര്‍ട്ട്
Daily News
ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്: നിയമനം മോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫീസിലേക്കെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th January 2017, 11:31 am

loknath-behra


കേന്ദ്രസര്‍ക്കാറിന് ഏറെ സ്വീകാര്യനായ വ്യക്തിയാണ് ലോക്‌നാഥ് ബെഹ്‌റ.


തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുമെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഓഫീസിലേക്ക് അദ്ദേഹത്തെ നിയമിക്കുമെന്നാണ് ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഡി.ജി.പിയെ കേന്ദ്ര സര്‍ക്കാറിന്റെ കേഡറിലേക്ക് അയക്കാനുള്ള ഒരുക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ജനുവരി അവസാനത്തോടെ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാകും.

കേന്ദ്രസര്‍ക്കാറിന് ഏറെ സ്വീകാര്യനായ വ്യക്തിയാണ് ലോക്‌നാഥ് ബെഹ്‌റ. സി.ബി.ഐയിലും എന്‍.ഐ.എയിലും പ്രവര്‍ത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.


Also Read:‘ദേശഭക്തി ഗാനം ചൊല്ലിക്കൊടുത്താന്‍ എത്രനാള്‍ വേണമെങ്കിലും നില്‍ക്കും’; ബാങ്കുകള്‍ക്കു മുമ്പില്‍ ക്യൂ നില്‍ക്കുന്ന പാവങ്ങളെ പരിഹസിച്ച് ബി.ജെ.പി എം.പി: വീഡിയോ പുറത്ത്


കൂടാതെ ഇസ്രത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ ഇസ്രത് തീവ്രവാദിയാണെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മൊഴി നല്‍കിയിട്ടുണ്ടെന്ന തരത്തില്‍ ബെഹ്‌റ സി.ബി.ഐയ്ക്കു റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്‍.ഐ.എ ഉദ്യോഗസ്ഥനെന്ന നിലയില്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്തവേളയില്‍ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട് എന്നായിരുന്നു മൊഴി. എന്നാല്‍ ഈ മൊഴി കെട്ടിച്ചമച്ചതാണെന്ന ആരോപണവും ശക്തമായിരുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടി.പി സെന്‍കുമാറിനെ മാറ്റിയാണ് ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത്. ഇതിനെതിരെ സെന്‍കുമാര്‍ ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റിയില്ല.

എന്നാല്‍ അടുത്തിടെ ലോക്‌നാഥ് ബെഹ്‌റയുടെ ചില നടപടികള്‍ സി.പി.ഐ.എമ്മിനുള്ളില്‍ തന്നെ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്കു വഴിവെച്ചിരുന്നു. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലാണെന്ന ആക്ഷേപം ശക്തമായിരിക്കെ ഇതിനെ പൊലീസിന്റെ വിജയം എന്നാണ് ബെഹ്‌റ വിശേഷിപ്പിച്ചത്. ഡി.ജി.പി നേരിട്ട് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് ഈ കൊലപാതകമെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

ദേശീയ ഗാനവുമായും യു.എ.പി.എയുമായും യോഗയുമായും ബന്ധപ്പെട്ട വിഷയങ്ങളിലൊക്കെയുളള അദ്ദേഹത്തിന്റെ നടപടികള്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ മാറ്റുന്നതെന്നാണ് സൂചന.

ലോക്‌നാാഥ് ബെഹ്‌റ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയാല്‍ പകരം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയാണ് ഡി.ജി.പി സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.


Must Read:തീണ്ടപ്പെടാത്തവന്റെ സംഗീതം