കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. ഉടന്‍ മറുപടി നല്‍കുമെന്നാണ് അഡ്വകേറ്റ് ജനറല്‍ അറിയിച്ചു.
നേരത്തെ രാഘവനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറിയിരുന്നു.
ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ദൃശ്യങ്ങളുടെ ആധികാരിക സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയത്.
ഒരു സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളോട് എം.കെ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികതയാണ് പരിശോധിച്ചത്. ടി.വി9 നാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ദല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം പണമായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവര്‍ത്തകര്‍ക്ക് മദ്യമുള്‍പ്പെടെ നല്‍കാനുള്ള വന്‍ ചെലവുകള്‍ ഉണ്ടെന്നും വീഡിയോയില്‍ രാഘവന്‍ പറയുന്നുണ്ട്.
ടി.വി9 ന്റെ പ്രത്യേക റിപ്പോര്‍ട്ടര്‍മാരുടെ സംഘമായ ഉമേഷ് പാട്ടീല്‍, കുല്‍ദീപ് ശുക്ല, രാം കുമാര്‍, അഭിഷേക് കുമാര്‍, ബ്രിജേഷ് തിവാരി എന്നിവര്‍ കണ്‍സള്‍ട്ടന്‍സി കമ്പനി ഉടമകളായാണ് എം.കെ രാഘവനെ സമീപിച്ചത്.
മാര്‍ച്ച് പത്തിനാണ് സംഘം എം.പിയെ സമീപിച്ചിരിക്കുന്നത്. സിങ്കപ്പൂരിലുള്ള ഒരു കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ 15 ഏക്കര്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് സംഘം എം.പിയെ സമീപിച്ചത്. കമ്മീഷന്‍ ആയി 5 കോടി രൂപ തെരഞ്ഞെടുപ്പു ഫണ്ടിലേയ്ക്ക് നല്‍കാമെന്നും സംഘം പറയുന്നു.
”ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. ഞങ്ങള്‍ക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതില്‍ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പ്പര്യമുണ്ട്. നിങ്ങള്‍ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. 10 മുതല്‍ 15 ഏക്കര്‍ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്” എന്നാണ് റിപ്പോര്‍ട്ടര്‍മാരിലൊരാള്‍ രാഘവനോട് പറഞ്ഞത്.
തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്സ്, ഫ്ളക്സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എം.പി പറയുന്നുണ്ട്. ഇതില്‍ രണ്ടു കോടി രൂപ കോണ്‍ഗ്രസ്സ് നേതൃത്വം പണമായി എത്തിച്ചു തന്നു എന്നും ബാക്കി താന്‍ സം ഘടിപ്പിച്ചു എന്നും രാഘവന്‍ പറയുന്നുണ്ട്.
ഹിന്ദി വാര്‍ത്ത ചാനലായ ”ടി.വി. 9” പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണങ്ങളെ പ്രതിരോധിച്ചുകൊണ്ട് രാഘവന്‍ പറഞ്ഞത്. ഇതുസംബന്ധിച്ച് അദ്ദേഹം പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ദൃശ്യങ്ങളുടെ ആധികാരിക പരിശോധിച്ചത്.