| Tuesday, 27th March 2018, 7:22 am

സ്വഭാവവൈകല്യമുള്ള പൊലീസുകാര്‍ സേനയ്ക്ക് ചേര്‍ന്നതല്ല; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ ഒരുങ്ങി ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സേനയ്ക്കുമെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. വാഹന പരിശോധന നടത്തുമ്പോഴും സമാനമായ സാഹചര്യങ്ങളിലും ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രായോഗിക പരിശീലനം.

ഇന്നു രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ പ്രായോഗിക പരിശീലനം നല്‍കാനാണ് ഡി.ജി.പിയുടെ തീരുമാനം. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നല്‍കി. വാഹന പരിശോധന നടത്തുന്ന വേളയില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തുമായ കാര്യങ്ങള്‍ പരിശീലനത്തിനിടെ വിശദീകരിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. പരിശീലനം തുടര്‍ന്നു കൊണ്ടുപോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

“ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍, ട്രാഫിക് പൊലീസുകാര്‍, ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിര്‍ബന്ധമായും പരിശീലനം നല്‍കണം പരിശീലനം തുടര്‍ന്നും നല്‍കണം.” നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഡി.ജി.പിയുടെ നിര്‍ദ്ദേശം:

ശരിയായ വാഹന പരിശോധനാരീതി സംബന്ധിച്ചും പ്രായോഗിക പരിശീലനം നല്‍കണം.

ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പരിശീലനം തുടങ്ങണം. വാഹനപരിശോധനാവേളയില്‍ ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍ സംബന്ധിച്ച് നിലവിലുള്ള സര്‍ക്കുലറുകള്‍ പരിചയപ്പെടുത്തണം. ഹെല്‍മറ്റ് ഇല്ലാതെയുള്ള ബൈക്ക് യാത്ര, കാറുകളുടെ അതിവേഗം എന്നിവ കണ്ടെത്തുന്ന സന്ദര്‍ഭങ്ങളില്‍ പോലീസുകാര്‍ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കണം. വാഹനയാത്രക്കാരുടെ ഭാഗത്തുനിന്നുള്ള നിയമലംഘനങ്ങളെ കൈകാര്യം ചെയ്യേണ്ടരീതികളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തണം.

ഹൈവേ പട്രോള്‍ ഉദ്യോഗസ്ഥര്‍, ട്രാഫിക് പോലീസുകാര്‍, ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് നിര്‍ബന്ധമായും പരിശീലനം നല്‍കണം. പരിശീലനം തുടര്‍ന്നും നല്‍കണം.

കര്‍ശനനടപടി

ജനങ്ങളോട് മോശമായി പെരുമാറുന്ന പോലീസുകാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ത്ത് പ്രശ്നം ചര്‍ച്ചചെയ്യും. വാഹന പരിശോധനയിലെ അപാകം പരിശോധിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസുകാര്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സ്വഭാവവൈകല്യമുള്ള പോലീസുകാര്‍ സേനയ്ക്ക് ചേര്‍ന്നതല്ല.

ലോക്നാഥ് ബെഹ്റ, പൊലീസ് മേധാവി

Latest Stories

We use cookies to give you the best possible experience. Learn more