| Friday, 16th November 2018, 9:47 am

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാം; സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയ്ക്ക് നിലയ്ക്കലില്‍ എത്തിയാല്‍ ദര്‍ശനത്തിന് സുരക്ഷ ഒരുക്കാമെന്ന് പൊലീസ്. പൊലീസ് നിലപാടില്‍ മാറ്റം വേണ്ടെന്ന് സര്‍ക്കാരും അറിയിച്ചു.

സാഹചര്യം നോക്കി തീരുമാനമെടുക്കും. ഇപ്പോള്‍ തൃപ്തി ദേശായിക്ക് സുരക്ഷ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആലോചിച്ച ശേഷം മാത്രമേ അതില്‍ തീരുമാനം എടുക്കുകയുള്ളൂവെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി ഇന്ന് പുലര്‍ച്ചെ 4.45 നാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ അവര്‍ക്ക്പുറത്തിറങ്ങാന്‍ ആയിട്ടില്ല.


തൃപ്തി ദേശായിയെ ഹോട്ടലിലേക്ക് പോകാനും അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍


നൂറിലധികം പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളിച്ച് പ്രതിഷേധിക്കുകയാണ്. വിമാനത്താവളത്തിന് പുറത്തും നിരവധിപ്പേര്‍ സംഘടിച്ചിട്ടുണ്ട്.

പുലര്‍ച്ചെ 4.45 ഓടെയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി ഉള്‍പ്പെടെ ആറ് പേര്‍ എത്തിയത്. നേരത്തെ തന്നെ പ്രതിഷേധക്കാര്‍ ഇവിടെ തമ്പടിച്ചിരുന്നു. നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല.

തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്‌സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് തൃപ്തി ദേശായി പറഞ്ഞു.

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. വാഹനം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കണമെന്ന് അവര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പൊലീസ് തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more