| Thursday, 28th November 2019, 10:29 pm

'ഇത് സര്‍ക്കാരിന്റെ നയമല്ല'; ലാത്തി എറിഞ്ഞ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌സാഥ് ബെഹ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രക്കാരനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് ഇന്ന് ചെയതത് സര്‍ക്കാരിന്റെയോ പൊലീസിന്റെയോ നയമല്ലെന്നും ബെഹ്‌റ പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവാദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ബൈക്കിനുനേരം ലാത്തി എറിഞ്ഞ കടയ്ക്കല്‍ സ്റ്റേഷനിലെ എസ്.പി.ഒ ചന്ദ്രമോഹനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ് ബൈക്ക് യാത്രികനു നേര്‍ക്കായിരുന്നു പൊലീസിന്റെ അതിക്രമം. പാസ്‌പോര്‍ട് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് വരികയായിരുന്ന കൊല്ലം കടയ്ക്കല്‍ സ്വദേശി സിദ്ദിഖാണ് അപകടത്തില്‍പ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹെല്‍മറ്റ് വയ്ക്കാതെ വന്ന സിദ്ദഖ് ഹൈവെ പട്രോളിങ് സംഘം കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നാണ് പൊലീസ് വണ്ടിക്കുനേരെ ലാത്തി വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് ശബരിമല തീര്‍ത്ഥാടകരുടെ കാറിലിടിച്ചു മറിയുകയായിരുന്നു. ബൈക്ക് യാത്രികന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

സിദ്ദിഖിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് അതിക്രമത്തിനെതിരെ നാട്ടുകാര്‍ പാരിപ്പള്ളി-മടത്തറ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

ഹെല്‍മെറ്റില്ലാത്ത യാത്രക്കാരെ ഓടിച്ചിട്ടു പിടിക്കരുതെന്നു ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ട്രാഫിക് നിയമലംഘകരെ പിടിക്കാന്‍ പൊലീസ് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും റോഡിനു നടുവില്‍ നിന്ന് ഹെല്‍മെറ്റ് ഇല്ലാത്തവരെ പിടിക്കാനോ പിന്തുടരാനോ ശ്രമിക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more