തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനോടനുബന്ധിച്ചു നടക്കുന്ന ആക്രമണങ്ങളുടെ സാഹചര്യത്തില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ ജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലുണ്ടായ അക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാനും രാഷ്ട്രീയ നേതാക്കളുടെ വീടുകള്‍ അക്രമിക്കപ്പെട്ടതുള്‍പ്പടെ ഉത്തരവാദികളെ ഉടന്‍ പിടികൂടാനും കണ്ണൂര്‍ പൊലീസ് മേധാവിക്ക് ഡി.ജി.പി നിര്‍ദേശം നല്‍കി.
തലശ്ശേരിയില്‍ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. കണ്ണൂര്‍ പൊലീസ് മേധാവിയുടെ സാന്നിധ്യത്തില്‍ വന്‍ പൊലീസ് സന്നാഹം തലശ്ശേരിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പൊലീസിനെ തലശ്ശേരിയില്‍ വിന്യസിക്കും.
കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരെ ഇരുട്ടി, തലശ്ശേരി എന്നിവിടങ്ങളില്‍ ഇന്നലെ തന്നെ വിന്യസിച്ചിട്ടുണ്ട്. അവധിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരോട് ഉടന്‍ തിരിച്ചെത്താനും ഡി.ജി.പി നിര്‍ദേശം നല്‍കി.
തലശ്ശേരിയില്‍ നിന്നും ഇന്നലെ രാത്രി മാത്രം 19 പേരെ കരുതല്‍ തടങ്കലില്‍ എടുത്തുവെന്ന് ഡി.ജി.പി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ അക്രമ സംഭവങ്ങളില്‍ ഇതുവരെ 76 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടൂരില്‍ മാത്രം 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ടയില്‍ 110 പേര്‍ അറസ്റ്റിലായി. 204 പേരെ കരുതല്‍ തടങ്കലില്‍ എടുത്തുവെന്നും ഡി.ജിപി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.