അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റ്; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ബെഹ്‌റ
Kerala
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ തെറ്റ്; വ്യക്തിപരമായ ആക്ഷേപങ്ങള്‍ ശരിയല്ലെന്നും ബെഹ്‌റ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th September 2017, 11:14 pm

 

തിരുവനന്തപുരം: കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. നടിയെ ആക്രമിച്ച കേസിലുള്‍പ്പടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.


Also Read: കല്ലേന്‍ പൊക്കുടന്റെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ കണ്ടല്‍ സ്‌കൂളുമായി പിന്‍ഗാമികള്‍


“നടിയെ ആക്രമിച്ച കേസിലുള്‍പ്പടെ സംസ്ഥാനത്ത് അടുത്തിടെയുണ്ടായ കുറ്റകൃത്യങ്ങളുടെ അന്വേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ചില വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. അവ അടിസ്ഥാനരഹിതമാണ്” ഡി.ജി.പി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഡോ.ബി.സന്ധ്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സന്ധ്യയല്ല കേസ് അന്വേഷിക്കുന്നതെന്നും അവര്‍ക്ക് മേല്‍നോട്ടചുമതല മാത്രമേയുള്ളുവെന്നും ഡി.ജി.പിയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു.

“നടിയെ ആക്രമിച്ച കേസില്‍, ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭ്യമാക്കാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും നിയമപരമായി ഏറെ ജാഗ്രതയോടെയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എ.ഡി.ജി.പി ഡോ.ബി.സന്ധ്യയ്ക്ക് മേല്‍നോട്ട ചുമതല മാത്രമാണുള്ളത്. സ്വാമി ഗംഗേശാനന്ദയുടെ കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. ഡോ.ബി.സന്ധ്യ ഈ അന്വേഷണ സംഘത്തിലില്ല” ഡി.ജി.പി വ്യക്തമാക്കി.


Dont Miss: ‘മേക്കിങ്ങ് ഇന്ത്യ’; അഞ്ചു വയസ്സിനു താഴെയുള്ള ശിശു മരണങ്ങളില്‍ ഇന്ത്യ മുന്നിലെന്ന് സര്‍വ്വേ ഫലം


നിരപരാധിയായ ഒരാളെയും പൊലീസ് കേസില്‍ പ്രതിയാക്കില്ലെന്നും കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും രക്ഷപ്പെടാന്‍ സമ്മതിക്കുകയുമില്ലെന്നും ബെഹ്‌റ പറഞ്ഞു. തെളിവുകളും വസ്തുകളും മാത്രമാണ് കേസന്വേഷണത്തില്‍ പൊലീസ് പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉന്നയിക്കന്നതില്‍ നിന്നും എല്ലാവരും ഒഴിഞ്ഞു നില്‍ക്കണമെന്നും ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

“നിയമപരമായും ശാസ്ത്രീയമായും അന്വേഷണം പുരോഗമിക്കുന്ന കേസുകളില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തില്‍ വ്യക്തിപരമായ ആക്ഷേപങ്ങള്‍ പൊതുവേദികളില്‍ ഉന്നയിക്കുന്നത് നിയമവ്യവസ്ഥയെ മാനിക്കുന്ന ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത്തരം നടപടികളില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞു നില്‍ക്കണം”