| Friday, 13th May 2022, 7:34 pm

സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്: ഡി.ജി.പി അനില്‍ കാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയില്‍ ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ടെന്ന് ഡി.ജി.പി അനില്‍ കാന്ത്. ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അനില്‍കാന്തിന്റെ നിര്‍ദേശം.

ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായി. വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടത്തുന്നുണ്ട്. ഇത്തരം ആള്‍ക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി പറഞ്ഞു.

ഡി.ജി.പി അനില്‍കാന്തിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ചയാണ് യോഗം ചേര്‍ന്നത്. പൊലീസ് ആസ്ഥാനത്തായിരുന്നു യോഗം. ക്രമസമാധാനപ്രശ്‌നം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.സി. ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. ഡിജിപി അനില്‍കാന്ത്, പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജന്‍സ് എ.ഡി.ജി.പി എന്നിവരെയാണ് വിളിച്ചുവരുത്തിയിരുന്നത്.

പി.സി. ജോര്‍ജ് വിഷയം, ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ സംഘര്‍ഷം ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇന്ന് ഡി.ജി.പി അനില്‍കാന്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.

Content Highlights: DGP Anil Kant says There are gangster policemen in the state

We use cookies to give you the best possible experience. Learn more