ന്യൂദൽഹി: യോഗ്യതയില്ലാത്ത ക്രൂ അംഗങ്ങളുമായി വിമാനങ്ങൾ സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 98 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ ഓപ്പറേഷൻ ഡയറക്ടർക്ക് ആറ് ലക്ഷം രൂപയും എയർ ഇന്ത്യയുടെ പരിശീലകന് മൂന്ന് ലക്ഷം രൂപയും ചുമത്തിയിട്ടുണ്ട്.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന താക്കീതും ഡി.ജി.സി.എ നൽകിയിട്ടുണ്ട്. പരിശീലകനല്ലാത്ത ലൈൻ ക്യാപ്റ്റനും നോൺ-ലൈൻ റിലീസ് ചെയ്യാത്ത ഫസ്റ്റ് ഓഫീസറുമായാണ് എയർ ഇന്ത്യ വിമാനം ഓടിച്ചിരുന്നതെന്ന് ഡി.ജി.സി.എ പറഞ്ഞു.
ഡി.ജി.സി.എ നടത്തിയ അന്വേഷണത്തിൽ ഒന്നിലധികം നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തി. ‘അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ നിരവധി ചുമതലകളിൽ ഇരിക്കുന്നവർക്ക് വേണ്ടവിധത്തിൽ പരിശീലനം ലഭിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നു. ഒപ്പം ഒന്നിലധികം നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുമുണ്ട്. ഇത് വളരെ ഗുരുതരമായ ക്രമക്കേടാണ്. യാത്രക്കാരുടെ സുരക്ഷയെ സാരമായി ബാധിക്കും ഇത്,’ ഡി.ജി.സി.എ പറഞ്ഞു.
2024 ജൂലൈ 22ന് ഡി.ജി.സി.എ എയർ ഇന്ത്യയുടെ ഫ്ലൈറ്റ് കമാൻഡറിനും അംഗീകൃത പോസ്റ്റ് ഹോൾഡർമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. അതിന് ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ നടപടിയെടുക്കാനും പിഴ ചുമത്താനും ഡി.ജി.സി.എ തീരുമാനിക്കുകയായിരുന്നു.
എയർ ഇന്ത്യക്ക് പിഴ ലഭിക്കുന്നത് ആദ്യമായിട്ടല്ല. കഴിഞ്ഞ 18 മാസത്തിനിടെ എയർലൈൻ ഡി.ജി.സി.എയിൽ നിന്ന് ഒന്നിലധികം തവണയായി ഏകദേശം അഞ്ച് കോടി രൂപയോളം പിഴയടക്കേണ്ടി വന്നിട്ടുണ്ട്. സുരക്ഷാ ലംഘനങ്ങൾ എടുത്തുകാണിച്ചുകൊണ്ട് ഈ കാലയളവിൽ എയർലൈനിന് ചുമത്തിയ പന്ത്രണ്ടാമത്തെ പിഴയാണിത്. 2024 മാർച്ചിൽ, ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ ലംഘിച്ചതിന് എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
ചില ദീർഘദൂര ഭൂപ്രകൃതി-നിർണ്ണായക റൂട്ടുകളിലെ സുരക്ഷാ ലംഘനങ്ങൾക്ക് എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ, യാത്രക്കാർക്ക് നൽകേണ്ട സൗകര്യങ്ങൾ സംബന്ധിച്ച നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിന് 10 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
സിവിൽ ഏവിയേഷൻ മേഖലയിലെ റെഗുലേറ്ററി ബോഡിയാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. പ്രാഥമികമായി സുരക്ഷാ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് ഡി.ജി.സി.എയാണ്. വിവിധങ്ങളായ വിമാന ഗതാഗത സേവനങ്ങൾ നിയന്ത്രിക്കുന്നതിനും സിവിൽ എയർ റെഗുലേഷൻസ്, എയർ സേഫ്റ്റി, മാനദണ്ഡങ്ങൾ എന്നിവ നടപ്പിലാക്കുന്നതിനും ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ്.
Content Report: DGCA Slaps Air India With Rs 98 Lakh Fine For Flights With Unqualified Pilots, Crew; Details Here