2016 സെപ്റ്റംബര്‍ 15 ന് ശേഷമുള്ള സാംസങ്ങ് ഗാലക്‌സി നോട്ട് 7 മോഡലുകളെ ഇനി വിമാനയാത്രകളില്‍ ഉപയോഗിക്കാമെന്നാണ് ഡി.ജി.സി.എയുടെ പുതിയ നിര്‍ദേശം.
ന്യൂദല്‍ഹി: സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. 2016 സെപ്റ്റംബര്‍ 15 ന് ശേഷമുള്ള സാംസങ്ങ് ഗാലക്‌സി നോട്ട് 7 മോഡലുകളെ ഇനി വിമാനയാത്രകളില്‍ ഉപയോഗിക്കാമെന്നാണ് ഡി.ജി.സി.എയുടെ പുതിയ നിര്‍ദേശം.
ഡി.ജി.സി.എയുടെ നിര്‍ദേശത്തെ സാംസങ്ങിന്റെ ഔദ്യോഗിക വക്താവാണ് സ്ഥിരീകരിച്ചത്. വിമാന യാത്രകളില്‍ നേരത്തെ സാംസങ്ങ് ഗാലക്‌സി നോട്ട് 7 ന് ഡി.ജി.സി.എ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരിക്കുന്നു എന്നും 2016 സെപ്റ്റംബര്‍ 15 ന് ശേഷമുള്ള ഗാലക്‌സി നോട്ട് 7 മോഡലുകളെ ഇനി മുതല്‍ ഇന്ത്യന്‍ വിമാന യാത്രകളില്‍ ഉപയോഗിക്കാമെന്നും സാംസങ്ങ് ഔദ്യോഗിക പ്രസ്താവന കുറിപ്പിലൂടെ അറിയിച്ചു.
ഡി.ജി.സി.എ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിരിക്കുന്ന സാഹചര്യത്തിലും വിമാന കമ്പനികള്‍ നോട്ട് 7 നെ അനുവദിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
“ഗ്രീന്‍ ബാറ്ററി ഐക്കണോട്” കൂടിയുള്ള ഗാലക്‌സി നോട്ട് 7 മോഡലുകളെയാണ് ഡി.ജി.സി.എ അനുവദിച്ചിരിക്കുന്നത്. ഇത്തരം മോഡലുകള്‍ വിമാനയാത്രകളില്‍ ഉപയോഗിക്കുന്നതും ചാര്‍ജ്ജ് ചെയ്യുന്നതും സുരക്ഷിതമാണെന്ന് നേരത്തെ സാംസങ്ങ് വ്യക്തമാക്കിയിരുന്നു.
ഗാലക്‌സി നോട്ട് 7 മോഡലുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് ഗാലക്‌സി നോട്ട് 7 മോഡലുകളെ സാംസങ്ങ് ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. പുതിയ സുരക്ഷിത മോഡലുകളെ ഉടന്‍ ഇന്ത്യന്‍ വിപണയിലെത്തിക്കുമെന്ന് സാംസങ്ങ് അറിയിച്ചതിന് പിന്നാലെയാണ് ഡി.ജി.സി.എയുടെ പുതിയ നിര്‍ദേശം.
അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കും, വിമാനയാത്രക്കാര്‍ക്കും, വിമാന കമ്പനികള്‍ക്കും നേരിട്ട ബുദ്ധിമുട്ടില്‍ തങ്ങള്‍ ഖേദിക്കുന്നുവെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് സാംസങ്ങ് എന്നും മുന്‍ഗണന നല്‍കുന്നത് എന്നും സാംസങ്ങ് ഇന്ത്യ വക്താവ് അറിയിച്ചു.