ആദം ഹാരിയുടെ നിയമപോരാട്ടം വിജയത്തിലേക്ക്; ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റുമാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഡി.ജി.സി.എ
Kerala News
ആദം ഹാരിയുടെ നിയമപോരാട്ടം വിജയത്തിലേക്ക്; ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റുമാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ഡി.ജി.സി.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th August 2022, 9:05 pm

കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡര്‍ പൈലറ്റുമാര്‍ക്കായി ഡി.ജി.സി.എ(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ട്രാന്‍സ്മാന്‍ ആദം ഹാരിയാണ് ഇതുസംബന്ധിച്ച വവരം പുറത്തുവിട്ടത്. ഉത്തരവ് സംബന്ധിച്ച് ചില വ്യക്തത ആവശ്യമുണ്ടെങ്കിലും ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് ആദം ഹാരി പ്രതികരിച്ചു.

കേരളത്തില്‍നിന്നുള്ള ട്രാന്‍സ്മാനായ ആദം ഹാരിക്ക് വ്യോമയാന ഡയറക്ടറേറ്റ്(ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍- ഡി.ജി.സി.എ) സ്റ്റുഡന്റ് പൈലറ്റാവാനുള്ള ലൈസന്‍സ് നേരത്തെ നിഷേധിച്ചിരുന്നു.

ഇതിനെതിരെ ആദം നിയമ പോരാട്ടത്തിലായിരുന്നു. ഇതിനിടയിലാണ് വിഷയത്തില്‍ ട്രാന്‍സ് കമ്യൂണിറ്റിക്ക് അനുകൂലമായ ഒരു ഉത്തരവ് പുറത്തുവരുന്നത്. നിയമപോരാട്ടത്തില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന എ.എ. റഹീം എം.പിക്കും അമൃത റഹീമിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും ആദം എഴുതി. ആദം ഹാരിക്ക് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് എ.എ. റഹീം കത്തയച്ചിരുന്നു.

അതേസമയം, ആദമിന് നേരത്തെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് പൈലറ്റ് പ്രൈവറ്റ് ലൈസന്‍സ് ലഭിച്ചിരുന്നു. കൊമേഴ്ഷ്യല്‍ പൈലറ്റാകാനുള്ള പരിശീലനത്തിനായി തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ ചേരാന്‍ കേരള സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് അദ്ദേഹത്തിന് സ്‌കോളര്‍ഷിപ്പും നല്‍കിയിരുന്നു.

വിഷയത്തില്‍ ആദം ഹാരി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

20-08-2020 ഈ ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല, ഡി.ജി.സി.എയുടെ Indian aerospace മെഡിസിനില്‍, മെഡിക്കല്‍ ടെസ്റ്റിന് പോയിട്ട് അങ്ങേയറ്റം അപമാനം സഹിക്കേണ്ടിവന്ന ദിവസമായിരുന്നു. അഞ്ച് വര്‍ഷത്തെ പോരാട്ടത്തിന് ശേഷം ഒരു പ്രതീക്ഷയും അവശേഷിപ്പിക്കാതെ സ്വന്തം സ്വത്വം മറച്ചുവെക്കാന്‍ നിര്‍ബന്ധിതനാവേണ്ടി വരുന്ന നിസ്സഹായാവസ്ഥയായിരുന്നു അന്ന്.

അവിടെ ഈ യാത്ര നിര്‍ത്തിവെക്കാമായിരുന്നു, കരിയറിനുവേണ്ടി ഐഡന്റിറ്റി സാക്രിഫൈസ് ചെയ്യാന്‍ എനിക്ക് കഴിയില്ല, കാരണം എനിക്ക് ഞാനായി പറന്നാല്‍ മതി. എന്നാല്‍ കഴിയുന്ന ജോലികള്‍ ചെയ്ത് ജീവിക്കുന്ന എനിക്ക് ഇത്രയും വലിയൊരുതുക മെഡിക്കല്‍ പരിശോധനകള്‍ക്ക് ചെലവഴിക്കുക എന്നുള്ളത് വലിയൊരു ചലഞ്ച് ആയിരുന്നു. പല ദിവസങ്ങളിലും ഭക്ഷണം പോലും കഴിക്കാതെ എന്റെ സ്‌കോളര്‍ഷിപ്പിനും നിയമപോരാട്ടത്തിനുമായി ഓഫീസുകള്‍ കയറിയപ്പോളും 2018 മുതല്‍ ഞാന്‍ നടത്തിയ യാത്രയില്‍ പലപ്പോഴായി പല പ്രശ്‌നങ്ങള്‍ എന്നെ തളര്‍ത്തിയിരുന്നെങ്കിലും എന്റെ നഷ്ട്‌പ്പെട്ട സ്വപ്നങ്ങള്‍ നേടിയെടുക്കണമെന്നുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും സ്വപ്നങ്ങളുമാണ് മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചത്. ഇന്ന് ചരിത്രപരമായ മാറ്റം ഇന്ത്യയില്‍ ഉണ്ടായ ഈ നിമിഷത്തില്‍ സന്തോഷം തോന്നുന്നുണ്ട്.

വളരെ മാനസികമായി കൂടെ നിന്ന ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. ഓരോ തവണ തോല്‍ക്കുമ്പോളും ജീവിതത്തില്‍ പ്രതീക്ഷ തന്ന ചില ആളുകളുണ്ട്. ആദ്യമായി ബിജു പ്രഭാകര്‍ സര്‍ എനിക്ക് എങ്ങനെയാണു സര്‍നോടുള്ള നന്ദി അറിയിക്കേണ്ടതെന്ന് അറിയില്ല ഓരോ തവണ കാണുമ്പോളും സ്വന്തം കൂടപ്പിറപ്പിനെപ്പോലെ ചേര്‍ത്തുനിര്‍ത്തി, ചില ഓഫീസുകളിലേക്ക് അത്യാവശ്യമായി എത്തേണ്ട സമയത്ത് സര്‍ തന്നെ വണ്ടിക്കു പൈസ എടുത്തെന്നെ പറഞ്ഞുവിടുമായിരുന്നു.

 

എടാ ഭക്ഷണമൊക്കെ കഴിക്കുന്നുണ്ടോ എന്ന് ചോദിക്കുമ്പോള്‍ എനിക്ക് എന്റെ വീട്ടിലെ ഒരാളെപ്പോലെയാണ് സറിനെ തോന്നിയിട്ടുള്ളത്. ശൈലജ ടീച്ചറെ പോലെയും എം.പി. എ.എ. റഹീം സഖാവിനെ പോലെയുള്ളവരാണ് പിന്തുണയോടെ ഈ മാറ്റത്തിനു ഒപ്പം നിന്നിട്ടുള്ളത്.

നിലവിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ധു മാം എന്റെ വിവരങ്ങള്‍ കൃത്യമായി തിരക്കാറുണ്ടായിരുന്നു. എന്റെ സൗത്ത് ആഫ്രിക്കയിലെ പഠനം പൂര്‍ത്തിയാക്കാനുള്ള സ്‌കോളര്‍ഷിപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്, എന്റെ സന്തോഷത്തിനിപ്പോള്‍ ഇരട്ടിമധുരമാണ്.

നമ്മള്‍ ആത്മാര്‍ത്ഥമായി എന്താഗ്രഹിച്ചാലും എന്തുതന്നെ തടസങ്ങള്‍ നമ്മളെ തളര്‍ത്തിയാലും ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോകണം. എനിക്ക് ഈ ഗവണ്മെന്റിലും ഭരണഘടനയിലും നല്ല വിശ്വാസമുണ്ടായിരുന്നു. കൂടെ നിന്ന സര്‍ക്കാരിന് നന്ദി.