| Thursday, 12th July 2012, 9:00 am

കിങ്ഫിഷറിനെതിരെ നടപടിയെടുത്തു: ഡി.ജി.സി.എയില്‍ നിന്നും ഭരത് ഭൂഷണിനെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള കത്തില്‍ ഒപ്പുവച്ചതിന് പിന്നാലെ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഭരത് ഭൂഷണിനെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക്  ശമ്പളം നല്‍കാതിരുന്നതുള്‍പ്പെടെയുള്ള ഡി.ജി.സി.എ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കിങ്ഫിഷറിനെതിരെ നടപടിയെടുത്തതെന്നാണ് സൂചന.

എന്നാല്‍ കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ അനുമതി നല്‍കിയ കാര്യം ഭരത് ഭൂഷണ്‍ സ്ഥിരീകരിച്ചിട്ടില്ല. താന്‍ കിങ്ഫിഷറിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നാണ് ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്  അദ്ദേഹം മറുപടി നല്‍കിയത്. അതേസമയം, ഡി.ജി.സി.എയില്‍ നിന്നും പുറത്താക്കപ്പെട്ട കാര്യം അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

അതിനിടെ, പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഇന്നലെ 12 സര്‍വീസുകള്‍ റദ്ദാക്കി. മാസങ്ങളായി ശമ്പളം കുടിശികയായതിനെത്തുടര്‍ന്നാണു പൈലറ്റുമാര്‍ സമരം ആരംഭിച്ചത്.

ബാംഗ്ലൂരില്‍ നിന്നുള്ള ഒമ്പതും ദല്‍ഹിയില്‍ നിന്നുള്ള മൂന്നും വിമാനങ്ങളാണ് റദ്ദാക്കിയത്. ആകെ 15 വിമാനങ്ങളാണു കിങ്ഫിഷറിനായി സര്‍വീസ് നടത്തിയിരുന്നത്. ഇനി മൂന്നുവിമാനങ്ങള്‍ മാത്രമേ സര്‍വീസിനുള്ളൂ. ആഭ്യന്തര സര്‍വീസിന് ഉപയോഗിക്കുന്ന 70 സീറ്റ് ടര്‍ബോ പ്രൊപ് വിമാനങ്ങളുടെ സര്‍വീസാണു നിര്‍ത്തിവച്ചത്. പൈലറ്റുമാരുമായി കമ്പനി സി.ഇ.ഒ സഞ്ജയ് അഗര്‍വാള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നാളെ മുതല്‍ ശമ്പളം വിതരണം ചെയ്യുമെന്ന് അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാന്‍ പൈലറ്റുമാര്‍ തയാറായില്ല.

We use cookies to give you the best possible experience. Learn more