[]അഹമ്മദാബാദ്: നരേന്ദ്ര മോഡിയുടെ വിശ്വസ്തനും വിവാദ ഐ.പി.എസ് ഓഫീസറുമായ ഡി.ജി വന്‍സാര രാജി വെച്ചു. തന്നെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടില്ലെന്ന് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.[]
മോഡിയെ താന്‍ ദൈവത്തെ പോലെ ആരാധിച്ചുവെന്നും പിശാചായ അമിത്ഷായുടെ ഇടപെടലില്‍ നിന്നും തന്നെ “ദൈവം” രക്ഷിച്ചില്ലെന്നും രാജിക്കത്തില്‍ വന്‍സാര പറയുന്നു. ഗുജറാത്തില്‍ നടന്ന വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും സര്‍ക്കാറിന്റെ പോളിസിയായിരുന്നു അതെന്നും വന്‍സാര കത്തില്‍ വ്യക്തമാക്കുന്നു.
അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച പത്ത് പേജുള്ള രാജിക്കത്ത് സബര്‍മതി ജയിലില്‍ വെച്ച് സെപ്തംബര്‍ ഒന്നാം തീയതിയാണ് വന്‍സാര തയ്യാറാക്കിയിട്ടുള്ളത്. താനടക്കമുള്ള മുപ്പത്തിരണ്ട് പോലീസ് ഉദ്യോഗസ്ഥരെ അമിത്ഷാ വഞ്ചിക്കുകയായിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സൊഹറാബുദ്ദീന്‍ ഷെയ്ഖ്, തുളസി റാം പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അമിത് ഷായുടെ ഇടപെടലില്‍ നിന്ന് മോഡി തന്നെ രക്ഷിച്ചില്ലെന്നും വന്‍സാര വ്യക്തമാക്കി.
ഗുജറാത്ത് വംശഹത്യക്ക് ശേഷം ക്രൈം ബ്രാഞ്ച്, എ.ടി.എസ് എന്നീ പോലീസ് വിഭാഗങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടാണ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയത്. സര്‍ക്കാറിന് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും ഞങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല.
അമിത്ഷായെ അറസ്റ്റ് ചെയ്തപ്പോള്‍ കോടതിയില്‍ കേസ് വാദിക്കാന്‍ രാംജത് മലാനിയെ നിയോഗിച്ചിരുന്നു. ഞങ്ങളെയും കുടുംബത്തെയും സഹായിക്കാന്‍ ഒരു നടപടി പോലും എടുക്കിന്നില്ലെന്ന് വന്‍സാര കുറ്റപ്പെടുത്തുന്നു.
വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളടക്കം വിവിധ കേസുകളില്‍ അറസ്റ്റിലായ വന്‍സാര 2007 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു. 1987 ബാച്ചിലെ ഐ.പി.എസ് ഓഫീസറായിരുന്നു ഡി.ജി. വന്‍സാര.