ജനപ്രതിനിധി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജാതിയേയോ മതത്തേയോ അല്ല
Opinion
ജനപ്രതിനിധി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജാതിയേയോ മതത്തേയോ അല്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2012, 12:04 pm

വിവാദമായ പുതിയ ദേവസ്വം ഓര്‍ഡിനന്‍സ് ബില്ലില്‍ ജനപ്രതിനിധിക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കണമെങ്കില്‍ ഹിന്ദുവായാല്‍ മാത്രം പോര വിഗ്രഹാരാധനയിലോ ക്ഷേത്രാചാരങ്ങളിലോ വിശ്വാസമുള്ളയാളായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ തന്നെ മുന്നോട്ട് വെയ്ക്കുകയാണ്. പുതിയ ദേവസ്വം ഓര്‍ഡിനന്‍സ് ബില്ലിനോട് യൂത്ത് കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍.എയുമായ വി.ടി ബല്‍റാം  ഡൂള്‍ന്യൂസിലൂടെ പ്രതികരിക്കുന്നു.


എസ്സേയ്‌സ് /വി.ടി ബല്‍റാം


ഹിന്ദുമത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ ദേവസ്വം ബില്ലില്‍ വോട്ട് ചെയ്യാന്‍ എം.എല്‍.എ മാര്‍ക്ക് അവകാശം നല്‍കൂ എന്നുള്ള തരത്തിലുള്ള പുതിയ ദേവസ്വം ഓര്‍ഡിനന്‍സ് നമ്മുടെ മതേതര സങ്കല്‍പ്പത്തിന് വിരുദ്ധമായ ഒന്നാണ്. ഇന്ത്യ പോലുള്ള ഒരു മതനിരപേക്ഷ രാജ്യത്ത് പ്രത്യേകിച്ചും കേരളം പോലുള്ള പ്രബുദ്ധമായ ഒരു പ്രദേശത്ത് ഇത്തരത്തിലുള്ള ഒരു നിയമ നിര്‍മ്മാണം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. ശ്രീനാരായണ ഗുരുവിന്റേയും വാഗ്‌ഭടാനന്ദ ഗുരുവിന്റേയും വി.ടി ഭട്ടതിരിപ്പാടിന്റേയും പോലുള്ള പ്രൗഢ ഗംഭീരമായ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തില്‍ മതനിരപേക്ഷതയെ മുന്നോട്ട് നയിക്കുക എന്നുള്ളതാണ് സര്‍ക്കാരുകളും രാഷ്ട്രീയ സമൂഹവും ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട ദൗത്യം.[]

ഒരു ജനപ്രതിനിധി തിരഞ്ഞെടുക്കപ്പെട്ടാല്‍ അദ്ദേഹം പ്രതിനിധീകരിക്കേണ്ടത് വ്യക്തിപരമായ വിശ്വാസങ്ങളെയല്ല മറിച്ച് സ്വന്തം ജനങ്ങളെയാണ്. അതുകൊണ്ടുതന്നെ നിയമസഭയ്ക്കകത്തും പുറത്തും ഒരംഗത്തിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തുവാനും അതിനുവേണ്ടുന്ന സ്വാതന്ത്ര്യം അനുവദിക്കുവാനും അദ്ദേഹത്തിന്റെ വ്യക്തിപരമായ വിശ്വാസങ്ങള്‍ ഒരു മാനദണ്ഡമാകാന്‍ പാടുള്ളതല്ല.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനോ ദൃഢപ്രതിജ്ഞ ചെയ്യാനോ ഉള്ള അവകാശം ഓരോ അംഗത്തിനും ഭരണഘടന തന്നെ നല്‍കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു എന്നുള്ളതിന്റെ പേരില്‍ അംഗം എന്ന നിലയിലുള്ള കൃത്യനിര്‍വഹണത്തിന് ഏതെങ്കിലും തരത്തിലുള്ള വിവേചനം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെ നിഷേധമാണ്. ജയിച്ചുവരുന്ന ജനപ്രതിനിധികളെ ജാതിയുടേയും മതങ്ങളുടേയും കള്ളികളിലായി വേര്‍തിരിച്ച് അതിന്റെ എണ്ണവും ശതമാനവും പറഞ്ഞ് വിലപേശുന്ന ചില സമുദായ സംഘടനകളുടെ രീതിയോട് യോജിക്കാനാവില്ല.

ശ്രീനാരായണ ഗുരുവിന്റേയും വാഗ്‌ഭടാനന്ദ ഗുരുവിന്റേയും വി.ടി ഭട്ടതിരിപ്പാടിന്റേയും പോലുള്ള പ്രൗഢ ഗംഭീരമായ നവോത്ഥാന പാരമ്പര്യം അവകാശപ്പെടുന്ന കേരളത്തില്‍ മതനിരപേക്ഷതയെ മുന്നോട്ട് നയിക്കുക എന്നുള്ളതാണ് സര്‍ക്കാരുകളും രാഷ്ട്രീയ സമൂഹവും ഏറ്റെടുക്കേണ്ട പ്രധാനപ്പെട്ട ദൗത്യം

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും വരെയുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കന്‍മാരും എ.കെ ആന്റണിയെപ്പോലുള്ള കേരളത്തിലെ സമുന്നതരായ കോണ്‍ഗ്രസ് നേതാക്കന്‍മാരും ദൃഢ പ്രതിഞ്ജയാണ് പതിവായി സ്വീകരിച്ചുവന്നത്. അവര്‍ മുന്നോട്ട് വെയ്ക്കുന്ന മതനിരപേക്ഷ സങ്കല്‍പ്പമാണ് എന്നെപ്പോലുള്ള പുതിയ തലമുറയിലെ കോണ്‍ഗ്രസുകാര്‍ പ്രചോദനമായി സ്വീകരിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നത്.

ഹിന്ദുമതവിശ്വാസിയാണെന്ന് സത്യാവാങ്മൂലം നല്‍കണമെന്ന ദേവസ്വം ഓര്‍ഡിനന്‍സില്‍ പറയുമ്പോള്‍ എന്താണ് മതം എന്നതിനെക്കുറിച്ചുള്ള കൃത്യമായ നിര്‍വചനങ്ങള്‍ ആ നിയമത്തില്‍ തന്നെ ഉണ്ടാവേണ്ടതായുണ്ട്. ഈ നിര്‍വചനങ്ങള്‍ സര്‍വ സ്വീകാര്യമാണ് എന്ന് ഉറപ്പുവരുത്തേണ്ടതായിട്ടുമുണ്ട്.

വ്യത്യസ്തമായ ചിന്താധാരകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജീവിതരീതിയെയാണ് ഹിന്ദുമതം എന്നത് കൊണ്ട് പൊതുവില്‍ ഉദ്ദേശിക്കുന്നത്. ഈശ്വര വിശ്വാസത്തോടൊപ്പം ചാര്‍വാകരുടേതുപോലുള്ള ദൈവനിഷേധത്തില്‍ ഊന്നിയ നാസ്തിക വാദവും സാംഖ്യ തത്വശാസ്ത്രങ്ങളുമടക്കം വ്യത്യസ്തമായ ചിന്താധാരകളെ പ്രതിനിധീകരിക്കുന്നതെല്ലാം വിശാലമായ അര്‍ത്ഥത്തില്‍ ഹിന്ദു എന്ന് വിളിക്കപ്പെടേണ്ടതാണ്.

ഈശ്വര വിശ്വാസത്തോടൊപ്പം ചാര്‍വാകരുടേതു- പോലുള്ള ദൈവനിഷേധത്തില്‍ ഊന്നിയ നാസ്തിക വാദവും സാംഖ്യ തത്വശാസ്ത്രങ്ങളുമടക്കം വ്യത്യസ്തമായ ചിന്താധാരകളെ പ്രതിനിധീകരിക്കു- ന്നതെല്ലാം വിശാലമായ അര്‍ത്ഥത്തില്‍ ഹിന്ദു എന്ന് വിളിക്കപ്പെടേണ്ടതാണ്

അതുകൊണ്ട് തന്നെ സംഘപരിവാറും മറ്റ് മതരാഷ്ട്ര വാദികളും ഉയര്‍ത്തുന്ന സങ്കുചിതമായ നിര്‍വചനങ്ങളിലേക്ക് ഹിന്ദു എന്ന് പറയുന്ന ആശയത്തെ ലഘൂകരിക്കാനുള്ള ഒരു നീക്കമായി ഇത് പരിണമിച്ചേക്കുമോ എന്ന് ആശങ്കപ്പെടുന്നു. ജമാ അത്തെ ഇസ് ലാമിയെപ്പോലുള്ള മുസ് ലീം മതരാഷ്ട്ര വാദികളും ഉയര്‍ത്തുന്നത് പ്രാക്ടീസിങ് മുസ് ലീം എന്ന് പറയുന്ന ഇതേ ആശയമാണ്.

ഇത്തരത്തിലുള്ള സങ്കുചിതത്വങ്ങള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ജാതിമത ചിന്തകള്‍ക്കതീതമായി അഭിപ്രായം പറയാനുള്ള പൊതു ഇടങ്ങളാണ് നമുക്ക് ജനാധിപത്യത്തില്‍ നഷ്ടപ്പെടുന്നത്. അത്തരം പൊതു ഇടങ്ങളെ തിരിച്ചുപിടിക്കുകയും വിപുലീകരിക്കുകയും ചെയ്യുക എന്നുള്ളതാണ് മതേതര കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ട് തന്നെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മതനിരപേക്ഷതയെ മുന്നോട്ട് നയിക്കാനുള്ള ശ്രമം എല്ലാവരും നടത്തേണ്ടതായിട്ടുണ്ട്.

വ്യക്തികളുടെ അഭിപ്രായങ്ങള്‍ക്കും ബോധ്യത്തിനും മേല്‍ സംഘടനാനേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒരു സാഹചര്യം സി.പി.ഐ.എമ്മിനെ പോലെ കോണ്‍ഗ്രസില്‍ ഇല്ലാത്തതുകൊണ്ട് ഈ വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം എനിയ്ക്ക് മേല്‍ ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.