| Monday, 14th January 2019, 11:18 am

ദേവസ്വം ബോര്‍ഡ് മകരവിളക്ക് കത്തിക്കുന്നത് ആചാരലംഘനം; ജ്യോതി തെളിയിക്കാനുള്ള അവകാശം മലയരയരുടേത്: പി.കെ സജീവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദേവസ്വം ബോര്‍ഡ് മകരവിളക്ക് കത്തിക്കുന്നത് ആചാരലംഘനമാണെന്ന് ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ.സജീവ്. മകരവിളക്ക് ദിവസമായ ഇന്ന് പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

“1950 വരെ മലയരയരുടെ അവകാശമായിരുന്ന മകരവിളക്ക് ദേവസ്വം ബോര്‍ഡ് കൈവശം വച്ചിരിക്കുന്നത് ആചാരലംഘനമാണ്. 1950 ന് ശേഷം ഞങ്ങള്‍ക്ക് പൊന്നമ്പലമേട്ടിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. 2014 ല്‍ ദീപവുമായി ചെന്ന ഞങ്ങളെ പൊലീസ് തടഞ്ഞു. അന്നത്തെ ദീപം കെടാവിളക്കായി സൂക്ഷിച്ചിട്ടുണ്ട്.മലയരയരുടെ അവകാശങ്ങള്‍ തിരിച്ചു നല്‍കണം” പി.കെ സജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പൊന്നമ്പലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയിലെ കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകള്‍ രാജമ്മ അയ്യപ്പന്റെ (75) കുടുംബത്തിലേക്ക് എ.എം.എ.എം.എസ് നേതാവ് പി കെ സജീവ് ആദ്യ ദീപം പകരും.

Also Read:  കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിയുടെ “ഓപ്പറേഷന്‍ ലോട്ടസ്”; 3 കോണ്‍ഗ്രസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിച്ചതായി മന്ത്രി ഡി.കെ ശിവകുമാര്‍

ഇവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് തിരിവപ്പൂപ്പന്‍ നീതി പരിപാലന ട്രസ്റ്റ് എന്ന സംഘടനയും മുന്നോട്ട് വന്നു. മൂന്നുലക്ഷത്തോളം പേരുള്ള കുറവര്‍ സമുദായത്തിന്റെ ആരാധനാ കേന്ദ്രമായ കല്ലുമണ്‍മലനടയില്‍ വിളക്ക് തെളിയിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.

വിവിധ ഹിന്ദുത്വ സംഘടനകള്‍ പതിനെട്ട് ലക്ഷം വിളക്കുകളുടെ കാര്യമൊക്കെ പറയുന്നത് കേള്‍ക്കുന്നുണ്ട്. പതിനെട്ട് പടികളെ പ്രതിനിധീകരിച്ചാണ് മലയരയര്‍ പതിനെട്ട് വിളക്കുകള്‍ എന്ന് പറയുന്നത്. ഇതൊന്നുമറിയാതെയാണ് മറ്റു ചിലര് ഈ വാക്കുകള് എടുത്തുപയോഗിക്കുന്നത്. എങ്കിലും ജനങ്ങളിലേക്ക് ഞങ്ങളുടെ ആചാരങ്ങളെ കുറിച്ച് അറിയിക്കാന്‍ കഴിയുമെന്നുള്ളത് കൊണ്ട് ഇതൊക്കെ അനുകൂലമായി കാണുന്നുവെന്നും പി.കെ സജീവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more