ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നു ; വനംവകുപ്പിനെതിരെ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍
Sabarimala
ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നു ; വനംവകുപ്പിനെതിരെ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd November 2018, 11:02 am

പത്തനംതിട്ട: ശബരിമലയെ തകര്‍ക്കാനുള്ള ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ നടക്കുന്നതായി ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍. മാസ്റ്റര്‍ പ്ലാന്‍ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണെന്നായിരുന്നു എ. പദ്മകുമാറിന്റെ വിമര്‍ശനം.

വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കാതെ ക്ഷേത്രം നിലനിര്‍ത്താനുള്ള പിന്തുണ നല്‍കണമെന്നും പദ്മകുമാര്‍ ആവശ്യപ്പെട്ടു.

ശബരിമല വികസനവുമായി ബന്ധപ്പെട്ട് എന്ത് ചെയ്താലും കേസ് കൊടുക്കുമെന്ന തരത്തിലാണ് വനംവകുപ്പ് ഭീഷണിപ്പെടുത്തുന്നത്. പുരകത്തുമ്പോള്‍ വാഴവെട്ടാം എന്ന നിലയിലാണ് ചിലരുടെ പെരുമാറ്റം.


സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്ന് മംഗളത്തിന്റ വ്യാജ വാര്‍ത്ത; മംഗളം പിന്‍വലിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് സംഘപരിവാര്‍


മനുഷ്യര്‍ ശബരിമലയ്ക്ക് വേണ്ടി എന്തും തരാന്‍ തയ്യാറാണ്. പക്ഷേ ചൂഷണം ചെയ്തുകളയരുത്. അത്രേയുള്ളൂ. ചെങ്ങന്നൂര്‍ ബേസ് ക്യാമ്പ് എന്ന രൂപത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കിക്കൊണ്ടിരിക്കുകയാണ്. 20 ഇടത്താവളം പുതുതായി ആരംഭിക്കും. കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇടത്താവളങ്ങില്‍ ഉണ്ടാകും. 17 ാം തിയതി നടതുറക്കുന്നതോടെ എല്ലാ സൗകര്യവും പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.

പ്രളയത്തിന് ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വലിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഈ ബുദ്ധിമുട്ട് മുന്നില്‍ കണ്ടാവണം ഭക്തര്‍ വരേണ്ടത്.

ദേവസ്വം ബോര്‍ഡിനെ കൊണ്ടും സര്‍ക്കാരിനെ കൊണ്ട് ചെയ്യാന്‍ കഴിയുന്നതെല്ലാം 13 ാം തിയതിക്ക് മുന്‍പ് തീര്‍ക്കും. 13 ാം തിയതിക്ക് മുഖ്യമന്ത്രിയുടെ യോഗം വിളിക്കും.

സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി അംഗീകരിക്കാതിരിക്കാനാവില്ല. അതുകൊണ്ട് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതി വിധിക്കൊപ്പം നില്‍ക്കും.

ശബരിമലയില്‍ അത്യാവശ്യം നിര്‍മാണ പ്രവര്‍ത്തനം നടത്തണമെന്നും മാസ്റ്റര്‍ പ്ലാനിന് വിധേയമല്ലാത്ത കെട്ടിടമുണ്ടെങ്കില്‍ പൊളിക്കണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.

അനാവശ്യമായ ഒരു കെട്ടിടവും ഇവിടെ നിര്‍മിക്കില്ല. ശബരിമലയുടെ കാര്യത്തില്‍ എല്ലാ വകുപ്പും ഒരേസ്വരത്തോടെ പോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ വനംവകുപ്പ് അതിന് വിഭിന്നമായി പെരുമാറി. മണ്ഡലകാലത്തെ ബാധിക്കാത്ത രീതിയില്‍ പ്രശ്‌നം കൈകാര്യം ചെയ്തുപോകണമെന്നാണ് സുപ്രീം കോടതിയും ദേവസ്വം ബോര്‍ഡും ആഗ്രഹിക്കുന്നത്.

സ്ത്രീപ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പക്ഷം ചേരുന്നില്ല. ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനും പൂജാദികര്‍മങ്ങള്‍ കൃത്യമായി നടത്തിക്കൊണ്ടുപോകുകയുമാണ് ദേവസ്വം ബോര്‍ഡിന്റെ ധര്‍മം. അത് ഞങ്ങള്‍ ചെയ്യും.

സ്ത്രീകള്‍ കയറിയാലും ഇല്ലെങ്കിലും പദ്മകുമാര്‍ രാജിവെക്കണമെന്നാണ് ചിലര്‍ പറയുന്നത്. ആ അസുഖത്തിന് ചികിത്സയില്ലെന്നും എ. പദ്മകുമാര്‍ പറഞ്ഞു.