| Tuesday, 13th September 2016, 8:02 am

മഹാബലിയെ വികലമാക്കി ചിത്രീകരിക്കുന്ന പ്രവണത കൂടിവരുന്നു; തടയാനൊരുങ്ങി ദേവസ്വം ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭരണാധികാരി ജനപക്ഷത്ത് നിലകൊണ്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ ഉദാത്ത മാതൃകയായി മലയാള പൗരാണിക ലോകത്തിനു മുന്നില്‍ നല്‍കിയ മഹദ് ദര്‍ശനമാണ് മഹാബലിയെന്ന് അജയ് തറയില്‍ അഭിപ്രായപ്പെട്ടു.


കൊച്ചി: മഹാബലിയെ ജനങ്ങള്‍ പരിഹാസ കാഥാപാത്രമായി അവതരിപ്പിക്കുകയാണെന്നും ഇത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.

മഹാബലിയെ  വക്രീകരിച്ച് വികലമാക്കി ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണ്.  ഇതിനി തടയിടാനാവശ്യമായ  നടപടികള്‍ ദേവസ്വം ബോര്‍ഡ് കൈക്കൊള്ളുമെന്ന് ബോര്‍ഡംഗം അജയ്  തറയിലിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണാധികാരി ജനപക്ഷത്ത് നിലകൊണ്ടു പ്രവര്‍ത്തിക്കേണ്ടതിന്റെ ഉദാത്ത മാതൃകയായി മലയാള പൗരാണിക ലോകത്തിനു മുന്നില്‍ നല്‍കിയ മഹദ് ദര്‍ശനമാണ് മഹാബലിയെന്ന് അജയ് തറയില്‍ അഭിപ്രായപ്പെട്ടു.

പ്രജാക്ഷേമ തല്‍പ്പരരനായ മഹാബലിയെ ഗാനങ്ങളിലും ചിത്രങ്ങളിലും പരിഹാസ കഥാപാത്രമായി അവതരിപ്പിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല, മറിച്ച് ഒരു സംസ്‌കാരത്തെ കടന്നാക്രമിക്കലാണ്. സമൂഹം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കേണ്ടത് സംസ്‌കാരങ്ങളുടെ നിലനില്പിനുതന്നെ ആവശ്യമാണ്.

ഈ സാംസ്‌കാരിക മൂല്യശോഷണത്തിനെതിരെ നിലകൊള്ളേണ്ട ബാധ്യത ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുകയാണെന്ന് അജയ് തറയില്‍ പറഞ്ഞു. മഹാബലിയുടെ ഔചിത്യവും ഔന്നത്യവും വരും തലമുറയ്ക്ക് കൂടി മനസ്സിലാക്കാന്‍ പാകത്തിലുള്ള സ്മാരകം തൃക്കാക്കര ക്ഷേത്രത്തില്‍ നിര്‍മിക്കുമെന്നും അജയ് തറയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more