പത്തനംതിട്ട: യുവതികള്‍ കയറിയതിന് പിന്നാലെ ശബരിമല നടയടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രിയുടെ നടപടിയില്‍ വിശദീകരണം ചോദിച്ചെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍.
തന്ത്രിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. വിശദീകരണം തൃപ്തി കരമാണോ എന്ന് പരിശോധിക്കും. ബാക്കി കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കുമെന്നും പദ്മകുമാര്‍ പറഞ്ഞു.
സുപ്രീം കോടതിയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് മാത്രമേ ദേവസ്വം ബോര്‍ഡിനും മുന്നോട്ടുപോകാന്‍ സാധിക്കുകയുള്ളൂ. തന്ത്രി ശുദ്ധിക്രിയ ചെയ്യുന്നത് സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണ്.
അതില്‍ അദ്ദേഹത്തിന്റെ മറുപടി ചോദിച്ചിട്ടുണ്ട്. അതില്‍ മറുപടി തരട്ടെ. വിശദീകരണം തൃപ്തി കരമാണോ എന്ന് പരിശോധന ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.
സുപ്രീം കോടതിയ്ക്ക് ഒരു വിധിയുണ്ട്. വികാരപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കാര്യം നടക്കില്ല. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് അടിസ്ഥാനമായിട്ടല്ലേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുള്ളൂ. ദേവസ്വം ബോര്‍ഡും അതിന് അനുസരിച്ച് തന്നെ പ്രവര്‍ത്തിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ബിന്ദുവും കനകദുര്‍ഗയും ദര്‍ശനത്തിന് എത്തിയതിന് പിന്നാലെ നടയടച്ച തന്ത്രിയുടെ വിവാദ തീരുമാനവും തുടര്‍ നടപടികളും ചര്‍ച്ചചെയ്യാന്‍ വേണ്ടിയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രത്യേക യോഗം ചേര്‍ന്നത്.
തന്ത്രി കണ്ഠരര് രാജീവരരുടെ ഭാഗത്തു നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍. ബോര്‍ഡ് നിയമാവലി പ്രകാരം നട അടയ്ക്കാന്‍ തന്ത്രിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല.
സുപ്രീംകോടതി വിധി അനുസരിച്ചാണ് യുവതികളെത്തിയത്. നിയപരമായ അവകാശത്തോടെ സന്നിധാനത്ത് എത്തിയവര്‍ പോയശേഷം ശുദ്ധിക്രിയ നടത്തിയത് വിധിയുടെ ലംഘനമാണെന്നും ബോര്‍ഡ് കരുതുന്നു. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ ബോര്‍ഡ് വിശദീകരണം നല്‍കേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളും ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.