| Monday, 13th November 2017, 3:37 pm

ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കി ചുരുക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കി ചുരുക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ വിശദീകരണം തേടി. എന്ത് അടിയന്തരപ്രാധാന്യമാണ് ഓഡിനന്‍സില്‍ ഉള്ളതെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞിട്ടുണ്ട്.

ഓഡിനന്‍സ് മടക്കണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഓഡിനന്‍സില്‍ ഒപ്പുവെക്കുന്നതിന് മുന്നോടിയായിട്ടാണ് സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ഒപ്പുവെക്കാത്തതിനാല്‍ ഇന്നത്തെ ശബരിമല യോഗത്തിലും പ്രയാര്‍ പങ്കെടുത്തിരുന്നു.


Dont Miss പടനയിക്കാന്‍ രാഹുല്‍; ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കും


കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നാണ് തിരുവതാംകൂര്‍ ദേവസ്വം ഭരണസമിതിയുടെ കാലാവധി രണ്ടു വര്‍ഷമായി കുറച്ച ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു.

ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു 1950ലെ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

ശബരിമലയുടെ മുന്നൊരുക്കങ്ങളില്‍ തങ്ങള്‍ വ്യാപൃതരായിരിക്കുമ്പോഴാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചവിടുന്നതെന്നും 9ാംതിയതി നിയമസഭയില്‍ ഒരു ആരോപണവും ശബരിമലയെ കുറിച്ച് ഇല്ലാതെ തന്നെ 10 ാംതിയതി ബോര്‍ഡ് പിരിച്ചവിടാന്‍ അവിടെ വര്‍ഗീയകലാപം ഉണ്ടായിരുന്നോ എന്നും പ്രയാര്‍ ചോദിക്കുന്നു. ഇതിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയം മാത്രമാണെന്നും പ്രയാര്‍ പറഞ്ഞു.

തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ കാലാവധി രണ്ടു വര്‍ഷമായി കുറച്ച ഓര്‍ഡിനന്‍സ് സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്ന് ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ആചാരങ്ങള്‍ സംബന്ധിച്ച തീരുമാനങ്ങളില്‍ സര്‍ക്കാരിനുള്ള വിയോജിപ്പാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more