2022 മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച താരമാണ് ഡെവാള്‍ഡ് ബ്രെവിസ്. ഇതിഹാസ താരം എ.ബി.ഡിവില്ലിയേഴ്‌സിനെ പോലെ 360 ഡിഗ്രിയില്‍ സ്‌റ്റേഡിയത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാനുള്ള കഴിവാണ് യുവതാരത്തെ മുംബൈ ടീമിലെത്തിച്ചത്.
ടീമിലെ പല സീനിയര്‍ താരങ്ങളും പരാജയപ്പെടുമ്പോളും കണ്‍സിസ്റ്റന്റായി ബാറ്റ് വീശിയാണ് ബെവ്രിസ് ടീമിന്റെ ശക്തിയാകുന്നത്.
കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – പഞ്ചാബ് കിംഗ്‌സ് മത്സരത്തിലും മികച്ച പ്രകടനമായിരുന്നു ബ്രെവിസ് പുറത്തെടുത്തത്. സീനിയര്‍ താരങ്ങളായ പൊള്ളാര്‍ഡും പൊന്നും വിലകൊടുത്ത് വാങ്ങിയ ഇഷാന്‍ കിഷനും തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴാണ് ബ്രെവിസ് ടീമിന്റെ രക്ഷകനാവുന്നത്.
25 പന്തില്‍ നിന്നും 49 റണ്‍സാണ് താരം കഴിഞ്ഞ മത്സരത്തില്‍ നിന്നും അടിച്ചുകൂട്ടിയത്. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും പവര്‍പ്ലേയില്‍ തന്നെ കൂടാരം കയറിയപ്പോള്‍ രക്ഷകരായത് ബ്രെവിസും തിലക് വര്‍മയുമാണ്.
ബ്രെവിസിന്റെ ബാറ്റിന്റെ ചൂട് ഏറ്റവുമറിഞ്ഞത് രാഹുല്‍ ചഹറാണ്. മുംബൈ യുവതാരം തിലക് വര്‍മയെ കൂട്ടുപിടിച്ച് താരം സ്‌കോര്‍ ബോര്‍ഡിന് ചലനമുണ്ടാക്കിയപ്പോള്‍ ആ കൂട്ടുകെട്ട് പൊളിക്കാന്‍ മായങ്ക് അഗര്‍വാള്‍ രാഹുല്‍ ചഹറിനെ നിയോഗിക്കുകയായിരുന്നു. എന്നാല്‍, അവര്‍ അറിഞ്ഞുകാണില്ല വരാനുള്ളത് കമ്പക്കെട്ടാണെന്ന്.
നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോറടിച്ച് തുടങ്ങിയ താരം പിന്നീട് അടുത്ത നാല് പന്തിലും ചഹറിനെ സിക്സറിന് പറത്തുകയായിരുന്നു. 29 റണ്‍സാണ് ആ ഓവറില്‍ പിറന്നത്. തന്റെ കരിയറില്‍ ആദ്യമായാണ് രാഹുല്‍ ചഹര്‍ ഇത്രയും റണ്‍സ് ഒരു ഓവറില്‍ വഴങ്ങുന്നത്.
ഇതിന് പുറമെ മറ്റൊരു സിക്‌സറും താരം പായിച്ചിരുന്നു.
ഇതോടെ അപൂര്‍വമായ മറ്റൊരു നേട്ടം കൂടിയാണ് ബ്രെവിസിനെ തേടിയെത്തിയിരിക്കുന്നത്. ഒരു ഐ.പി.എല്‍ മത്സരത്തില്‍ അഞ്ച് സിക്‌സറടിക്കുന്ന പതിനെട്ടോ അതില്‍ കുറവ് പ്രായമുള്ളതോ ആയ താരം എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്.
എന്നിരുന്നാലും താരത്തിന്റെ വെടിക്കെട്ടും മുംബൈയുടെ തോല്‍വിയെ തടയാന്‍ പോരാതെ വരികയായിരുന്നു.
ഒരു ഐ.പി.എല്‍ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ 18 വയസില്‍ താഴെയുള്ള താരങ്ങള്‍
ഡെവാള്‍ഡ് ബ്രെവിസ് vs പഞ്ചാബ് കിംഗ്‌സ്, 5 സിക്‌സര്‍ (2022)
പൃഥ്വി ഷാ vs രാജസ്ഥാന്‍ റോയല്‍സ്, 4 സിക്‌സര്‍ (2018)
അഭിഷേക് ശര്‍മ vs റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, 4 സിക്‌സര്‍ (2018)
ഇഷാന്‍ കിഷന്‍ vs റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, 4 സിക്‌സര്‍ (2017)
ഇഷാന്‍ കിഷന്‍ vs സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, 4 സിക്‌സര്‍ (2017)
Content Highlight: Dewald Brevis enters record books, becomes first player to achieve big milestone